പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ട് വീട്ടമ്മയിൽനിന്ന് 1.35 കോടി രൂപ തട്ടിയെടുത്തു.
മുംബൈ ക്രൈംബ്രാഞ്ചിൽനിന്നാണെന്ന് പരിചയപ്പെടുത്തിയായിരുന്നു 57 വയസ്സുകാരിയെ തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ മാസം 22 മുതൽ ഈ മാസം 15 വരെ വാട്സ്ആപ്പിലൂടെ നിരന്തരം വിളിച്ചാണ് സംഘം പണം തട്ടിയത്. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുതിരവട്ടം സ്വദേശിനിയായ വീട്ടമ്മയുടെ പേരിൽ സിം കാർഡ് എടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈബർ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നായിരുന്നു സംഘത്തിന്റെ ആരോപണം. ഈ തട്ടിപ്പിലൂടെ ലഭിച്ച പണം വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും അവർ വിശ്വസിപ്പിച്ചു.
പണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിശോധനയ്ക്ക് തുക കൈമാറണമെന്നും സംഘം ആവശ്യപ്പെട്ടു. പണം പരിശോധനയ്ക്കായി നൽകിയാൽ മുതലും പലിശയും സഹിതം തിരികെ നൽകാമെന്നും തട്ടിപ്പുകാർ ഉറപ്പുനൽകി. ഇതു വിശ്വസിച്ച വീട്ടമ്മ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ 1,35,14,000 രൂപ കൈമാറുകയായിരുന്നു.
13 ഇടപാടുകളിലൂടെയാണ് ഇത്രയും വലിയ തുക തട്ടിപ്പുസംഘത്തിന്റെ കൈകളിലെത്തിയത്. പിന്നീട് താൻ വഞ്ചിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീട്ടമ്മ സൈബർ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
വീട്ടമ്മയെ ബന്ധപ്പെട്ട രണ്ട് ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻസ്പെക്ടർ വി. അനീഷിനാണ് അന്വേഷണച്ചു മതല. വാട്സ്ആപ്പ് കോളുകൾ വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടതെന്നതിനാൽ മെറ്റയുമായി ബന്ധപ്പെട്ട് ഐപി വിലാസം ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, അസം, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾ വഴിയാണ് പ്രതികൾ പണം പിൻവലിച്ചതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട ബാങ്കുകളിൽനിന്ന് കെവൈസി രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
പൊലീസ്, ക്രൈംബ്രാഞ്ച്, ആർബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിൽ വിളിച്ച് നിയമനടപടികൾ ഭീഷണിപ്പെടുത്തി പണം കൈമാറാൻ ആവശ്യപ്പെടുന്നത് സൈബർ തട്ടിപ്പുകളുടെ പതിവ് രീതികളിലൊന്നാണ്. അന്വേഷണത്തിന്റെ പേരിൽ ആരെങ്കിലും പണം കൈമാറാൻ ആവശ്യപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ വിവരം സ്ഥിരീകരിക്കണമെന്നും പരിഭ്രാന്തരായി പണം അയയ്ക്കരുതെന്നും ജാഗ്രത പാലിക്കേണ്ടതുണ്ട്.
70 12 23 03 34




0 Comments