കരുതലിന്റെ മധുരം പങ്കിട്ട് ഡോ. എം.സി. സിറിയക്; അനാഥര്‍ക്കൊപ്പം 80-ാം പിറന്നാളാഘോഷം




സുനില്‍ പാലാ

പിറന്നാള്‍ ആഘോഷങ്ങള്‍ പലര്‍ക്കും സ്വന്തം സന്തോഷങ്ങള്‍ പങ്കുവയ്ക്കാനുള്ള അവസരമാണ്. എന്നാല്‍ ജീവിതത്തിന്റെ എണ്‍പതാം പിറന്നാളില്‍ തന്റെ സന്തോഷം അനാഥരായ മുപ്പതോളം മനുഷ്യര്‍ക്കൊപ്പം പങ്കുവച്ച് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വേറിട്ട മാതൃക തീര്‍ക്കുകയായിരുന്നു അയര്‍ക്കുന്നം ക്രിസ്തുരാജ് ആശുപത്രിയുടെ അമരക്കാരനായ ഡോ. എം.സി. സിറിയക്.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന, സ്വന്തമെന്നു ചേര്‍ത്തുപിടിക്കാന്‍ ആരുമില്ലാത്ത അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചും സ്നേഹം പങ്കിട്ടും സിറിയക് ഡോക്ടര്‍ 80-ാംപിറന്നാള്‍ ആഘോഷിച്ചപ്പോള്‍ അത് ഒരു ജന്‍മദിനച്ചടങ്ങ് മാത്രമല്ല, ഒരു ജീവിതദര്‍ശനത്തിന്റെ മനോഹരമായ അടയാളം കൂടിയായി.
ഇന്നലെ അയര്‍ക്കുന്നത്തെ ആശ്രയ സ്നേഹഭവനിലായിരുന്നു ആഘോഷം. ജീവിതത്തില്‍ കരുതലും സ്നേഹവും ഏറ്റവും ആവശ്യമുള്ളവര്‍ക്കൊപ്പം തന്റെ വിശേഷദിനം ചെലവഴിക്കണമെന്ന എം.സി. സിറിയക്കിന്റെ മനസ്സാണ് ഈ ആഘോഷത്തെ ഹൃദയസ്പര്‍ശിയാക്കിയത്. മുപ്പതോളം അന്തേവാസികള്‍ക്കൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഒത്തുചേര്‍ന്നപ്പോള്‍ സ്നേഹഭവനം സന്തോഷത്തിന്റെ വേദിയായി.

ചാണ്ടി ഉമ്മന്‍ എം.എല്‍.എ, മുന്‍മന്ത്രി വി.എന്‍. വാസവന്‍, ആശ്രയ സ്നേഹഭവന്‍ പ്രസിഡന്റ് കലേപുരം ജോസ്, അയര്‍ക്കുന്നം പള്ളി വികാരി ഫാ. ആന്റണി കിഴക്കേവീട്ടില്‍, അയര്‍ക്കുന്നം സ്നേഹഭവന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജോയി സി. ചെറിയാന്‍, ജിജി നാഗമറ്റം തുടങ്ങിയ നിലവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടറുടെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം റിട്ടയേര്‍ഡ് പ്രൊഫസറുമായ ഡോ. മേരിക്കുട്ടി കെ.ജെ., മക്കള്‍, കൊച്ചുമക്കള്‍ എന്നിവരും കുടുംബത്തിന്റെ സന്തോഷനിമിഷത്തില്‍ പങ്കുചേര്‍ന്നു.
കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് ഡോ. സിറിയക്കിന് പിറന്നാള്‍ കേക്ക് സമ്മാനിച്ചു. റിപ്പോര്‍ട്ടര്‍ സുനില്‍ പാലായും ചടങ്ങില്‍ സന്നിഹിതനായിരുന്നു. കുടുംബത്തിന്റെ സ്നേഹവും സഹപ്രവര്‍ത്തകരുടെ ആദരവും സമൂഹത്തിന്റെ ആശംസകളും ഒത്തുചേര്‍ന്നപ്പോള്‍ എണ്‍പതാം പിറന്നാള്‍ ആഘോഷം അവിസ്മരണീയമായി.
എണ്‍പതിലെത്തിയിട്ടും വിശ്രമജീവിതത്തിലേക്ക് പിന്‍മാറാതെ കര്‍മരംഗത്ത് സജീവമായി തുടരുന്ന ഡോക്ടറുടെ ജീവിതം സേവനത്തിനുള്ള പ്രായപരിധി മനസ്സിലല്ലാതെ മറ്റെവിടെയുമില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments