സുനില്‍ പാലാ
പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിലേക്ക് പാലാ ഒരു ചുവടുകൂടി മുന്നോട്ട്.
സിഗ്നല്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ ഉയരത്തിലുള്ള നാല് തൂണുകള്‍ സ്ഥാപിച്ചു. ശനിയാഴ്ചയാണ് തൂണുകള്‍ ഉറപ്പിച്ചത്. കോണ്‍ക്രീറ്റ് ഉറച്ചശേഷം ഇവയില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഘടിപ്പിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ.
നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ സിവില്‍ സ്റ്റേഷന്‍ കവലയില്‍ ഗതാഗതം കൂടുതല്‍ ശാസ്ത്രീയമായി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങളുടെ തിരക്കിനനുസരിച്ച് ഗതാഗതം ക്രമീകരിക്കാനും ജംഗ്ഷനിലെ അനാവശ്യ കാത്തിരിപ്പ് കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഡ് ന്യൂസ് ഇന്ത്യ എന്ന സിഗ്നല്‍ നിര്‍മാണ കമ്പനിയാണ് സംവിധാനം സ്ഥാപിക്കുന്നത്. പാലാ നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന് ഏകദേശം 50 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ആര്‍.വി., മഹാറാണി ജംഗ്ഷനുകളിലും സിഗ്നല്‍
സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനു പുറമേ ആര്‍.വി. ജംഗ്ഷനിലും മഹാറാണി ജംഗ്ഷനിലും നേരത്തേ സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനവും രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നഗരത്തിലെ പ്രധാന ജംഗ്ഷനുകളെ ആധുനിക ഗതാഗത നിയന്ത്രണ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതോടെ തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങളുടെ സുഗമമായ നീക്കം ഉറപ്പാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. സിഗ്നല്‍ സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ നഗരത്തിലെ ഗതാഗത നിയന്ത്രണത്തില്‍ നിര്‍ണായക മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.
70 12 23 03 34






0 Comments