സുനില് പാലാ
അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ (ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന് നോര്ത്ത് അമേരിക്ക) സെക്രട്ടറിയായി പാലാ സ്വദേശി സന്തോഷ് ചൊള്ളാനി തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും ഉയര്ന്ന ഭൂരിപക്ഷത്തോടെയാണ് സന്തോഷ് ഈ സ്ഥാനത്തെത്തിയത്. അമേരിക്കയിലെ മലയാളി സമൂഹത്തില് പാലായുടെയും കോട്ടയം ജില്ലയുടെയും അഭിമാനമായി മാറുന്നതാണ് ഈ നേട്ടം.
കഴിഞ്ഞ 28 വര്ഷമായി അമേരിക്കയില് സേവനമനുഷ്ഠിക്കുന്ന സന്തോഷ് ചൊള്ളാനി ബിസിനസ് രംഗത്തും സാമൂഹിക പ്രവര്ത്തന മേഖലയിലും സജീവമാണ്. അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പ് പാലായില് കോണ്ഗ്രസ് പ്രവര്ത്തകനെന്ന നിലയില് പൊതുപ്രവര്ത്തനരംഗത്ത് സജീവമായിരുന്നു. അമേരിക്കയിലെ മലയാളി സംഘടനാ രംഗത്തും പ്രവര്ത്തന മികവിലൂടെ ശ്രദ്ധേയനായ സന്തോഷിനെ ഇതിനു മുമ്പ് രണ്ടുതവണ ഫൊക്കാനയുടെ റീജിയണല് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.
നൂറിലധികം അംഗസംഘടനകള് ഉള്പ്പെടുന്ന ഫൊക്കാനയെ മലയാളി സംഘടനകളുടെ സംഘടനയെന്നാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ 51 സ്റ്റേറ്റുകളിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്നതാണ് സംഘടനയുടെ പ്രവര്ത്തനപരിധി. വിദേശമലയാളികളുടെ കൂട്ടായ്മയും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതില് സംഘടന നിര്ണായക പങ്കുവഹിക്കുന്നു. ഇത്തരമൊരു വിപുലമായ സംഘടനയുടെ തലപ്പത്തേക്ക് പാലാ സ്വദേശിയായ സന്തോഷ് ചൊള്ളാനി തിരഞ്ഞെടുക്കപ്പെട്ടത് പ്രവാസി മലയാളികള്ക്കിടയിലും നാട്ടിലും സന്തോഷത്തിനും അഭിമാനത്തിനും വഴിയൊരുക്കിയിട്ടുണ്ട്.
സന്തോഷ് ചൊള്ളാനിക്കൊപ്പം പുതിയ ഭാരവാഹികളായി അടൂര് സ്വദേശി ഫിലിപ്പോസ് ഫിലിപ്പ് പ്രസിഡന്റായും പെരുമ്പാവൂര് സ്വദേശി ആന്റോ വര്ക്കി ഖജാന്ജിയായും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ പ്രവര്ത്തനങ്ങള്ക്ക് പുതിയ ദിശാബോധം നല്കുന്നതിനും അംഗസംഘടനകളുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും പുതിയ നേതൃത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
സന്തോഷിന്റെ ഭാര്യ ഗീത നായര് മെഡിക്കല് രംഗത്ത് പ്രവര്ത്തിക്കുന്നു. മക്കളായ സംഗീത നായര് അക്കൗണ്ടിംഗ് മേഖലയിലും ലക്ഷ്മി നായര് മെഡിക്കല് പഠനരംഗത്തുമാണുള്ളത്. ഇളയ മകള് പാര്വതി നായര് സാമ്പത്തികശാസ്ത്രത്തില് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
സന്തോഷ് ചൊള്ളാനിയുടെ മൂത്ത സഹോദരന് പ്രൊഫ. സതീഷ് ചൊള്ളാനി യു.ഡി.എഫ്. പാലാ നിയോജകമണ്ഡലം ചെയര്മാനാണ്.
എല്ലാവര്ക്കും നന്ദി
ഫൊക്കാനയുടെ ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് എല്ലാവരോടും നന്ദി അറിയിക്കുന്നു. എന്റെ സംഘടനാ രംഗത്തെ ദീര്ഘകാല പ്രവര്ത്തനത്തിനുള്ള അംഗീകാരമായാണ് ഈ സ്ഥാനലബ്ദിയെ കാണുന്നതെന്നും സന്തോഷ് ചൊള്ളാനി പറഞ്ഞു.






0 Comments