സുനില്‍ പാലാ
പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിക്കു മുന്നില്‍ ആശുപത്രിയുടെ സ്ഥലം കൈയേറി സ്ഥാപിച്ചിട്ടുള്ള കടകള്‍ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ കര്‍ശന നിര്‍ദേശം.
കോട്ടയത്ത് ചേര്‍ന്ന ജനറല്‍ ആശുപത്രി അധികൃതരുടെയും നഗരസഭാ അധികൃതരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് കളക്ടര്‍ നിലപാട് വ്യക്തമാക്കിയത്. ആശുപത്രി വക സ്ഥലത്തെ കൈയേറ്റങ്ങള്‍ അനുവദിക്കാനാവില്ലെന്നും കടകള്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഉത്തരവാദിത്വം നഗരസഭ ഏറ്റെടുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ആശുപത്രി സ്ഥലത്തുകൂടിയുള്ള റോഡ് നിര്‍മാണത്തിന് ആരെങ്കിലും തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് കൈയേറ്റമായി കണക്കാക്കേണ്ടിവരുമെന്നായിരുന്നു കളക്ടറുടെ നിലപാട്. റോഡ് നിര്‍മാണം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകണമെന്നും ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിര്‍മാണത്തിന് ആരെങ്കിലും തടസ്സം നില്‍ക്കുന്നുണ്ടെങ്കില്‍ പോലീസിനെ വിവരമറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ആശുപത്രി അധികൃതരോട് കളക്ടര്‍ ആവശ്യപ്പെട്ടു.
ആശുപത്രിയുടെ വികസനവും പൊതുജനങ്ങളുടെ ചികിത്സാ സൗകര്യങ്ങളും മുന്‍നിര്‍ത്തി കൈയേറ്റമെന്ന് കണ്ടെത്തിയ സ്ഥലങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ കളക്ടര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം നഗരസഭയ്ക്ക്
ആശുപത്രിക്കു മുന്നിലെ കടകള്‍ വഴിയോരക്കച്ചവടക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് ബങ്കുകള്‍ അനുവദിച്ചിട്ടുണ്ടെന്നുമാണ് നഗരസഭാ അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചത്. എന്നാല്‍, നഗരസഭ ലൈസന്‍സ് നല്‍കിയെന്ന കാരണത്താല്‍ ആശുപത്രിയുടെ സ്ഥലത്തെ കൈയേറ്റം തുടരാന്‍ അനുവദിക്കാനാവില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
കടകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ അവരെ അവിടെനിന്ന് മാറ്റുന്നതിനും ആവശ്യമായ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നഗരസഭ തയ്യാറാകണം. ആശുപത്രിയുടെ സ്ഥലവും റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമിയും തടസ്സമില്ലാതെ ലഭ്യമാക്കണം. ഇതിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഒഴിപ്പിക്കല്‍ ഉറപ്പ്; പുനരധിവാസം നടപ്പിലാക്കും - ചെയര്‍പേഴ്സണ്‍
കളക്ടറുടെ നിര്‍ദേശത്തോടെ ആശുപത്രിക്കു മുന്നിലെ കടകള്‍ ഒഴിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനത്തിന് വ്യക്തത വന്നിരിക്കുകയാണ്. അതേസമയം, കടയുടമകളെയും കച്ചവടക്കാരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ പറഞ്ഞു.
.webp)





0 Comments