ബൊമ്മക്കൊലു വിൽ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയും ...!!മതാതീതമായ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും നേർക്കാഴ്ച: പാലായിലെ ഒരു നവരാത്രി അനുഭവം കുറിക്കുകയാണ് പാലാ നഗരസഭാ കൗൺസിലർ ബിജു പുളിക്കക്കണ്ടം... !
ബിജുവിൻ്റെ കുറിപ്പ് ഇങ്ങനെ ;
പാലായിലെ പ്രഗത്ഭനും പ്രശസ്തനുമായ അക്കൗണ്ടൻ്റും ഏവരും ബഹുമാനിക്കുന്ന സാത്വികനുമായ S.S.N മൂർത്തി സ്വാമിയുടെ സ്നേഹക്ഷണമനുസരിച്ച്, നവരാത്രി പൂജാദിനങ്ങളുടെ ഒമ്പതാം ദിവസമായ ഇന്നലെ ഉച്ചയോടടുത്ത് ഞാനും ബിനുവും ദിയയും കൂടി പാലാ കട്ടക്കയം റോഡിനു സമീപമുള്ള സമൂഹമഠത്തിലെ വീട്ടിലെത്തി.
മൂർത്തിസ്വാമിയും പത്നി ലക്ഷ്മി അമ്മാളും ചേർന്ന് ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. നവരാത്രിയോടനുബന്ധിച്ച്, കത്തിച്ചുവെച്ച നിലവിളക്കിനു പിന്നിൽ തയ്യാറാക്കിയ മനോഹരമായ ബൊമ്മക്കൊലു ഞങ്ങൾ കൺകുളിർക്കെ കണ്ടു. സ്വാദിഷ്ടമായ മധുരമൂറുന്ന വിഭവങ്ങളും അവർ ഞങ്ങൾക്ക് വിളമ്പി നൽകി.
ദേവീദേവൻമാരുടെ എണ്ണമറ്റ ചെറുരൂപങ്ങൾ അടുക്കും ചിട്ടയോടും കൂടി ആ ബൊമ്മക്കൊലുവിൽ ദർശിക്കാൻ കഴിഞ്ഞു. എന്നാൽ അതിനൊപ്പം ഞങ്ങളിൽ അത്ഭുതം കലർന്ന സന്തോഷമുണ്ടാക്കിയ മറ്റൊരു മനോഹര ദൃശ്യം കൂടിയുണ്ടായിരുന്നു; ആ ബൊമ്മക്കൊലുവിൽ ഇടംനേടിയ "ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി" രൂപവും കാലിത്തൊഴുവും പൂജ്യരാജാക്കൻമാരുടെ രൂപങ്ങളുമായിരുന്നു അത്! പാലായുടെ മതസൗഹാർദ്ദത്തിൻ്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ആ കാഴ്ച എന്നാണ് എൻ്റെ മനസ്സ് പറഞ്ഞത്.
ചടങ്ങുകൾക്കിടയിൽ ലക്ഷ്മിയമ്മയും മൂർത്തി സ്വാമിയും ദിയയെ ചേർത്തുപിടിച്ച് ദേവീകടാക്ഷമുണ്ടാവട്ടെയെന്ന് അനുഗ്രഹിച്ചു; സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞു. അവൾ ആ സ്നേഹത്തിനു മുന്നിൽ മൂർത്തി ദമ്പതിമാരുടെ കാൽതൊട്ടു വന്ദിച്ചു.
കുറെയേറെ നേരം അവിടെ ചെലവഴിച്ച ശേഷമാണ് ഞങ്ങൾ മടങ്ങിയത്.
ഗാനഗന്ധർവ്വൻ യേശുദാസുമായുള്ള അടുത്ത സുഹൃത് ബന്ധമുള്ള സ്വാമി, അദ്ദേഹവുമായും പ്രഭ യേശുദാസുമായുമുള്ള പഴയതും പുതിയതുമായ സ്നേഹവിശേഷങ്ങളും ഞങ്ങളുമായി പങ്കുവെച്ചു. തുടർന്ന്, സ്വാമിയുടെ താത്പര്യപ്രകാരം എനിക്ക് ഏറെയടുപ്പുള്ള .. വയലിൻ വിസ്മയം ഗംഗാ ശശിധരനെ ഞാൻ ഫോണിൽ വിളിച്ചു കൊടുത്തു.
ഗംഗ മോളുമായും അദ്ദേഹം സ്നേഹം പങ്കുവെക്കുകയും ഹൃദ്യമായ ആശംസകളും ഐശ്വര്യങ്ങളും നേരുകയും ചെയ്തു.
"ഞങ്ങൾ ഇവിടെ ഇനിയും വരും" എന്ന് ഉറപ്പുനൽകി സന്തോഷത്തോടെയാണ് ഞങ്ങൾ അവിടെ നിന്നും മടങ്ങിയത്.
മൂർത്തിസ്വാമിയുടെയും ലക്ഷ്മിയമ്മയുടെയും ആ ഹൃദ്യമായ പെരുമാറ്റം എക്കാലവും എൻ്റെ , ഞങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുകതന്നെ ചെയ്യും...
70 12 23 03 34







0 Comments