എനിക്ക് തെറ്റ് പറ്റി, അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയി...... ലാലേട്ടന്റെ മുഖത്തിന് പകരം എന്നെ ഉപയോഗിച്ചിട്ടില്ല: ജോബി കൊടകര


ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് രജനികാന്ത് ചിത്രം ‘ജയിലർ 2’. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനി തകർത്താടിയ ചിത്രം തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്.

ഇതിനിടെ കാമിയോ റോളിലെത്തിയ മോഹൻലാലിന് സീൻ കുറഞ്ഞു പോയത് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തി യിരുന്നു.  പിന്നാലെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പായി വേഷമിട്ട ജോബി കൊടകര ലൊക്കേഷന്‍ ഫോട്ടോസ് പങ്കുവെച്ചതോടെ ആരാധകര്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു. ക്ലൈമാക്സ് രംഗത്തിൽ മോഹൻലാലിനെ അവതരിപ്പിച്ച രീതിയും ജോബിയുടെ പോസ്റ്റും ചേർത്തു വായിച്ച ചിലർ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനമുയര്‍ത്തി.


ഇപ്പോഴിതാ ‘ജയിലര്‍ 2’ വില്‍ താന്‍ ഏത് സീനിലാണ് പ്രത്യക്ഷപ്പെട്ടതെന്ന് വിശദീകരിക്കുകയാണ് ജോബി കൊടകര. ഇത്രയും വിവാദമാകുമെന്ന് കരുതിയല്ല താന്‍ ആ ഫോട്ടോ ഷെയര്‍ ചെയ്തതെന്നും ജോബി പറയുന്നു. ജാങ്കോ സ്പെയ്സ് ടിവി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ജോബി.

“കുറച്ചു വർഷങ്ങളായിട്ട് ഞാൻ ഡ്യൂപ് ചെയ്യുന്നുണ്ട്. സ്റ്റേജിൽ ലാലേട്ടന്റെ ഫിഗർ തന്നെ ചെയ്യുന്നുണ്ട്. സിനിമയ്ക്ക് ഡ്യൂപ്പായിട്ട് ആര് വേണമെങ്കിലും ചെയ്താൽ മതി. വലിയ സിനിമയായതുകൊണ്ട് ലാലേട്ടന്റെ ബോഡി ലാംഗ്വേജിനോട് സാമ്യമുള്ള ഒരാളെ അവർ സെലക്ട് ചെയ്യുന്നു. മുഖം കാണിച്ച് അഭിനയിക്കണം എന്ന ആഗ്രഹത്തിൽ നിൽക്കുന്ന ആൾ തന്നെയാണ് ഞാനും. 


ലാലേട്ടൻ ഫാൻസിനേക്കാൾ കൂടുതൽ അദ്ദേഹത്തെ അമിതമായി ആരാധിക്കുന്ന ഒരാളാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ പേരിൽ, എനിക്ക് അരി മേടിക്കാൻ പൈസയും കൂടി കിട്ടുന്നതാ അദ്ദേഹത്തിന്റെ ഡ്യൂപ് സ്റ്റേജുകളിൽ ചെയ്തിട്ട്. അപ്പോൾ എനിക്ക് അത്രയും ഇഷ്ടമുള്ള വ്യക്തിയാണ്. ലാലേട്ടനെ അടുത്ത് കാണാൻ പറ്റും.

ജയിലർ 2 എന്ന് പറയുന്നത്, രജനികാന്ത് സാറിനെ ഒന്നും സ്വപ്നത്തിൽ കാണാൻ പറ്റും എന്ന് വിചാരിച്ചിട്ടില്ല. ഈ എല്ലാ സ്വപ്നങ്ങളും കൂടിയിട്ടാണ് നമ്മളിതിലേക്ക് വരുന്നത്. അപ്പോൾ ലാലേട്ടന്റെ മേക്കപ്പ് ചെയ്ത് നമ്മളിങ്ങനെ കാരവാനിൽ ഇരിക്കണം. എപ്പോൾ വേണമെങ്കിലും നമ്മളെ വിളിക്കാം. വളരെ ചുരുങ്ങിയ ദിവസങ്ങളിലേ ഒന്നോ രണ്ടോ ഷോട്ട് എടുക്കുകയുള്ളൂ. ക്ലൈമാക്സ് സീനിലാണ്. സത്യം പറഞ്ഞാൽ എന്റെ ഒന്ന് രണ്ട് ഷോട്ടുകൾ മാത്രമേ ഉള്ളൂ. എന്റെ കയ്യുടെ ഒരു ഭാഗവും കാലിന്റെ ഒരു ഭാഗവും മാത്രമേ സിനിമയിൽ കാണിക്കുന്നുള്ളൂ. വണ്ടിയോടിക്കുന്നത്. ആ ഗിയറിടുന്ന ഭാഗം, പിന്നെ ആക്സിലേറ്റർ ഇടുന്ന ഭാഗം. ഇത്രയേ ഉള്ളൂ. ഈ രണ്ട് ഷോട്ടിന് മാത്രമാണ് ഡ്യൂപ് ഇട്ടിരിക്കുന്നത്.


എന്റെ മുഖമൊന്നും അതിൽ കാണിച്ചിട്ടില്ല. എനിക്ക് പറ്റിയൊരു തെറ്റ് എന്താണെന്ന് വച്ചാൽ ആ ഫോട്ടോ ഞാൻ ഫസ്റ്റ് ദിവസം പോസ്റ്റ് ചെയ്തു എന്നതാണ്. പക്ഷേ, ഇത്രയും വലിയൊരു ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമായത് നാലാളെ അറിയിക്കണമെന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഡ്യൂപ് ചെയ്യുന്ന കലാകാരൻമാരുടെ എത്തിക്സോ പ്രൊഫഷണലിസമോ ഒന്നും എന്റെ മനസിലേക്ക് കയറി വന്നില്ല. അതാണ് എനിക്ക് പറ്റിയ തെറ്റ്. ആ തെറ്റ് ഞാൻ അംഗീകരിക്കുന്നു. ഡ്യൂപ് ചെയ്യുന്നവർ ഇതൊന്നും വെളിപ്പെടുത്താൻ പാടില്ലെന്ന് ഒരു അലിഖിത നിയമമുണ്ട്. പക്ഷേ ഇതൊന്നും എന്റെ മനസിലേക്ക് കയറി വന്നില്ല. ആ നിമിഷം നമുക്ക് കണ്ണ് കാണാൻ പറ്റില്ല എന്ന് പറയില്ലേ.



നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും ഇത്രയും വലിയ സിനിമയുടെ ഭാഗമായെന്ന് അറിയണമെന്ന കൊണ്ട് മാത്രം ഇട്ട് പോയതാണ്. ആർക്കായാലും ഒരു തെറ്റ് പറ്റും. അങ്ങനെ ഒരു തെറ്റ് എനിക്കും പറ്റി. എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയി. ഞാൻ അത് അപ്പോൾ തന്നെ ‍ഡിലീറ്റ് ചെയ്തു. ഒരാളും ഡിലീറ്റ് ചെയ്യാൻ എന്നെ വിളിച്ച് പറഞ്ഞിട്ടില്ല.ലാലേട്ടന്റെ ആരാധകരേക്കാള്‍ അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന് കോട്ടം തട്ടുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല”.- ജോബി പറഞ്ഞു. 

പോസ്റ്റ് വൈറലായതോടെ വലിയ സൈബര്‍ അറ്റാക്കാണ് ജോബിക്ക് നേരിടേണ്ടി വന്നത്. ഒടുവില്‍ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും അശ്വന്ത് കോക്ക് അടക്കമുള്ള യൂട്യൂബര്‍മാര്‍ ജോബിയെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments