ചുവപ്പൻ അഭിവാദ്യങ്ങളുമായി പാലായിൽ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി
ചെങ്കൊടിയുടെ ചുവപ്പിൽ പാലാ നഗരം നിറഞ്ഞുനിന്നപ്പോൾ, മുദ്രാവാക്യങ്ങളുടെ ആവേശത്തിനിടയിൽ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിന് തുടക്കമായി. അരുണാപുരം സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ എ.വി. റസൽ നഗറിൽ മുതിർന്ന നേതാവ് വൈക്കം വിശ്വൻ പതാക ഉയർത്തി. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ അധ്യക്ഷനായി. പി.കെ. ഹരികുമാർ രക്തസാക്ഷി പ്രമേയവും കെ.എം. രാധാകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ലാലിച്ചൻ ജോർജ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
റെജി സഖറിയ കൺവീനറും പി.കെ. വിജയകുമാർ, അർച്ചന സദാശിവൻ എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. കെ.എം. രാധാകൃഷ്ണൻ കൺവീനറായ പ്രമേയ കമ്മിറ്റിയിൽ കെ. രാജേഷും രമാമോഹനും അംഗങ്ങളാണ്. പി.വി. സുനിൽ കൺവീനറും കെ.പി. പ്രശാന്ത്, എം.എസ്. സാനു എന്നിവർ അംഗങ്ങളുമായ മിനിറ്റ്സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.
ജില്ലാ കമ്മിറ്റിയംഗങ്ങളും ജില്ലയിലെ 12 ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമടക്കം 90 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഗ്രൂപ്പ് ചർച്ചകൾക്ക് പിന്നാലെ പൊതുചർച്ച ആരംഭിച്ചു. ശനിയാഴ്ചയും ചർച്ച തുടരും. ചർച്ചകൾക്ക് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥനും മറുപടി നൽകും.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്, പി. രാജീവ്, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വി.എൻ. വാസവൻ, സജി ചെറിയാൻ, ഡോ. പി.കെ. ബിജു, എം.വി. ജയരാജൻ, പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ, ക്ഷണിതാവ് കെ.ജെ. തോമസ് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലിന് ബിഷപ്പ് ഹൗസിന് സമീപമുള്ള ഗ്രാൻഡ് കോർട്ട് യാർഡ് പാർക്കിങ് ഗ്രൗണ്ടിലെ പ്രത്യേക പന്തലിൽ ഒരുക്കിയ വി.എസ്. അച്യുതാനന്ദൻ നഗറിൽ പൊതുസമ്മേളനം നടക്കും. എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പാലാ ഏരിയയിൽനിന്ന് 5000 പേർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ അധികാരനിർവഹണത്തിൽ ആർഎസ്എസ് പങ്കെടുക്കുന്നു: എ. വിജയരാഘവൻ
കേരളത്തിന്റെ അധികാരനിർവഹണത്തിൽ ആർഎസ്എസ് പങ്കെടുക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു.
പാലായിൽ സിപിഐ എം കോട്ടയം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം പൂർണമായി ചൊല്ലാൻ തുടങ്ങിയത് ഇതിന്റെ തെളിവാണെന്ന് വിജയരാഘവൻ ആരോപിച്ചു. ഗവർണർ എന്ത് ചെയ്താലും മുഖ്യമന്ത്രി നിശ്ശബ്ദമായി നോക്കിനിൽക്കുകയാണ്. ഗവർണർക്ക് പ്രത്യേക അധികാരമൊന്നുമില്ല. എൽഡിഎഫ് സർക്കാർ തർക്കിച്ചും സമവായത്തിലെത്തിയും ഗവർണർ വിഷയത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാതെ വന്നപ്പോൾ സുപ്രീംകോടതിയെ സമീപിച്ച് ഇടപെടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കരിങ്കൊടി പ്രതിഷേധത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംരക്ഷണം നൽകുമ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയാണ്. പൊലീസും യൂത്ത് കോൺഗ്രസും ചേർന്ന് വിദ്യാർഥികളെ ആക്രമിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയെന്നും ഒന്നാം പരീക്ഷയിൽ തന്നെ യുഡിഎഫ് വോട്ടിൽ പിന്നിലായെന്നും അദ്ദേഹം പറഞ്ഞു. ജനദ്രോഹ നടപടികൾക്കുള്ള ജനങ്ങളുടെ മറുപടിയാണിത്. വി.ഡി. സതീശൻ ക്ലിഫ് ഹൗസിലിരുന്ന് ഭരിക്കുമ്പോൾ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കെപിസിസി ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് അതിനെ വിമർശിക്കുന്ന സാഹചര്യമാണുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
യുഡിഎഫ് സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. കോൺഗ്രസുകാർക്കും മടുത്തു. പത്ത് വർഷം എൽഡിഎഫ് കേരളത്തിലുണ്ടാക്കിയ നേട്ടങ്ങൾ തകരാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ മുഴുവൻ പാർട്ടികളെയും ഒന്നിപ്പിക്കാൻ ഇടപെട്ടത് സിപിഐ എമ്മാണ്. വിദ്യാർഥികളുടെ സമരം വിജയിപ്പിക്കുന്നതിനും പാർട്ടി ഇടപെട്ടു. പാർലമെന്റിലും നിയമസഭകളിലും തോറ്റിട്ടും ഇടതുപക്ഷത്തിന്റെ സംഘടനാശേഷിക്കും പ്രവർത്തനത്തിനും കുറവുണ്ടായിട്ടില്ല. പരിമിതികൾ തിരിച്ചറിഞ്ഞ് തിരുത്തുന്നതാണ് കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനമെന്നും വിജയരാഘവൻ പറഞ്ഞു.
ബിജെപിയുടെ ‘നല്ല കുട്ടിയാണ്’ വി.ഡി. സതീശൻ: പി. രാജീവ്
പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിക്കും ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് ആരോപിച്ചു.
അമിത് ഷാ കേരളത്തിൽ വരുമ്പോൾ സതീശൻ പൂമാല തയ്യാറാക്കി വെച്ചിരുന്നതാണെന്നും മുഖ്യമന്ത്രി അറിയാതെയാണ് ആരോ കരിങ്കൊടി കാണിച്ചതെന്നുമാണ് രാജീവ് പറഞ്ഞത്.
വന്ദേമാതരം പൂർണമായും ആലപിക്കുന്ന സംസ്ഥാനമാണ് കേരളം. നീറ്റ് സമരത്തിൽ സമരക്കാർക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സർക്കാർ കേരളത്തിലേതാണ്. വഖഫ് ബോർഡിൽ മുസ്ലീങ്ങളല്ലാത്തവരെ നിയമിക്കാമെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിലപാടെടുത്ത ഏക ബിജെപി ഇതര സർക്കാരും കേരളത്തിലേതാണെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ നിലയിലും അസ്വാരസ്യത്തിന് പോകാതെ ബിജെപിക്ക് മുന്നിൽ ‘നല്ല കുട്ടി’യായി നിൽക്കുകയാണ് വി.ഡി. സതീശനെന്നും രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ നടക്കുന്ന യോജിച്ച സമരങ്ങളെ ദുർബലപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ചർച്ച വഴിതിരിച്ചുവിടാനാണ് ശ്രമം. യുഡിഎഫ് കൺവീനർ അടക്കം അമർഷം തുറന്നുപറയുന്ന സ്ഥിതിയാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ യുഡിഎഫ് ഭരണത്തിനുള്ളിൽ തർക്കമുണ്ടായി. മുന്നണിയും പാർട്ടിയും പലതട്ടിലായി. സമസ്ത മേഖലയിലും സ്തംഭനാവസ്ഥയാണെന്നും രാജീവ് പറഞ്ഞു.
തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ബിജെപി-കോൺഗ്രസ് ഡീൽ വീണ്ടും വീണ്ടും വ്യക്തമാകുകയാണെന്നും പി. രാജീവ് പറഞ്ഞു
‘ടീം യുഡിഎഫ് തീർന്നു’; അനൈക്യമുന്നണിയായി മാറിയെന്ന് വി. എൻ. വാസവൻ
യുഡിഎഫ് അനൈക്യമുന്നണിയായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി. എൻ. വാസവൻ പറഞ്ഞു. ‘ടീം യുഡിഎഫ്’ അസ്തമിച്ചു. അതിന്റെ അതൃപ്തിയാണ് യുഡിഎഫ് കൺവീനർ പരസ്യമാക്കിയതെന്നും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണിയുടെ ഐക്യവും കെട്ടുറപ്പും തകർന്നു. ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം പി.ജെ. ജോസഫിന് നൽകാതിരുന്നതും ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്യുന്നതെന്നും വാസവൻ ആരോപിച്ചു.
യുഡിഎഫ് സർക്കാർ ‘സ്പോൺസേഡ് സർക്കാർ’ ആയി മാറി. കോൺഗ്രസിനുള്ളിൽ തന്നെ വി.ഡി. സതീശനെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ജനങ്ങൾക്ക് സർക്കാരിനോടുള്ള അതൃപ്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ വിജയം ശ്രദ്ധേയമാണ്. ബിജെപിയുടെ ആജ്ഞാനുവർത്തിയായി വി.ഡി. സതീശൻ മാറിയെന്നും മുഖ്യമന്ത്രി ബിജെപിയുമായി ഡീൽ ഉറപ്പിച്ചിരുന്നുവെന്നും വാസവൻ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് അമിത് ഷായ്ക്കെതിരായ പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
70 12 23 03 34






0 Comments