സുനില്‍ പാലാ
ഒരു പതിറ്റാണ്ടു മുമ്പ് ളാലത്തപ്പന്റെ കിഴക്കേ ഗോപുരം തുമ്പിക്കൈകൊണ്ട് തുറന്ന് നാടിന് സമര്‍പ്പിച്ച ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തന്‍ ഇനി ഓര്‍മ്മകളുടെ ഗോപുരവാതിലില്‍.
അന്ന് തുമ്പിക്കൈകൊണ്ട് തുറന്ന ഗോപുരത്തിനു മുന്നിലൂടെ എത്രയോ ഉത്സവങ്ങള്‍ കടന്നുപോയി. ഉത്സവപ്പറമ്പുകളിലെ തലയെടുപ്പും സൗമ്യഭാവവുംകൊണ്ട് പാലാക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ ആ ഗജവീരന്‍ ഇന്ന് ഓര്‍മ്മ. ളാലം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവാതിലില്‍ ബ്രഹ്മദത്തന്റെ ഛായാചിത്രം കൂടി ഇടംപിടിക്കുകയാണ്. ഇത് ഒരു ആനയുടെ ചിത്രം മാത്രമല്ല, നാടിന്റെ സ്നേഹത്തിന്റെയും വിസ്മയത്തിന്റെയും നന്ദിയുടെയും അടയാളം കൂടിയാകുന്നു.
കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ മൂന്ന് പതിറ്റാണ്ടോളം തലയെടുപ്പോടെ നിറഞ്ഞുനിന്ന ബ്രഹ്മദത്തന്റെ ആകസ്മിക വിയോഗത്തില്‍ പാലായുടെ പൗരാവലി അനുശോചിച്ചു. മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം മാണി സി. കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആനയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉദാഹരണമായിരുന്നു ബ്രഹ്മദത്തനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഗോപുരവാതിലില്‍ സ്ഥാപിക്കുന്ന ആനയുടെ ഛായാചിത്രം ജോസ് കെ. മാണി എംപി അനാച്ഛാദനം ചെയ്തു. പാലാക്കാര്‍ക്ക് ബ്രഹ്മദത്തന്റെ സാന്നിധ്യം എന്നും അഭിമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷ മായാ രാഹുല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ, ബിജി ജോജോ, ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പില്‍, മുന്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, മുന്‍ പ്രസിഡന്റ് രണ്‍ജിത്ത് ജി., ആനത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ജോസ്‌കുട്ടി പുവേലില്‍, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. ഷാജകുമാര്‍, മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സെക്രട്ടറി ബെന്നി മൈലാടൂര്‍, ളാലം മഹാദേവ ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി ശിവന്‍കുട്ടി നടുപ്പറമ്പില്‍, ബിജു കൊല്ലപ്പള്ളി, അഡ്വ. ലാല്‍ പുളിക്കക്കണ്ടം, അനില്‍ തനിമ തുടങ്ങിയവര്‍ സംസാരിച്ചു. ഭക്തജന സമിതി പ്രസിഡന്റ് പരമേശ്വരന്‍ നായര്‍ പുത്തൂര്‍ സ്വാഗതവും ആനയുടമ അഡ്വ. രാജേഷ് പല്ലാട്ട് നന്ദിയും പറഞ്ഞു.
ബ്രഹ്മദത്തനെ പരിചരിച്ച പാപ്പാന്‍മാരായ ശരത്, വിശാല്‍, വിമല്‍, ആനവണ്ടിയുടെ സാരഥി ബൈജു എന്നിവരെ മായാ രാഹുല്‍ ആദരിച്ചു.
70 12 23 03 34







0 Comments