സുനില്‍ പാലാ
ഒരാചാര്യനില്ലാത്ത നവാഹം; ആചാര്യകളായി 51 അമ്മമാര്‍!
ഐങ്കൊമ്പ് പാറേക്കാവില്‍ വേറിട്ട ദേവീഭാഗവത യജ്ഞം; ഭക്തിയുടെ നേതൃത്വത്തില്‍ മാതൃശക്തി
നവാഹയജ്ഞത്തിന് ആചാര്യനില്ലെന്നു കേട്ടാല്‍ അത്ഭുതം തോന്നാം. എന്നാല്‍ ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ ഇക്കാര്യം അങ്ങനെയാണ്. ഇവിടെ ഒരാളല്ല, പകരം ആചാര്യകളായി നേതൃത്വം നല്‍കുന്നത് 51 അമ്മമാര്‍! ദേവീഭാഗവത പാരായണവും നവാഹത്തിലെ വിവിധ ചടങ്ങുകളും ഏറ്റെടുത്ത് ക്ഷേത്രത്തിലെ മാതൃശക്തി തീര്‍ക്കുന്നത് കേരളത്തിലെ ക്ഷേത്രാചാരങ്ങളില്‍ കൗതുകമുണര്‍ത്തുന്ന വേറിട്ടൊരു കാഴ്ച.
രാവിലെ ആറിന് ലളിതാസഹസ്രനാമ പാരായണത്തോടെ ആരംഭിക്കുന്ന നവാഹയജ്ഞ വേദിയില്‍ കുട്ടികള്‍ക്കായുള്ള വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദേവീഭാഗവത പാരായണവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കുന്നുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട 51 അമ്മമാരാണ് പാരായണത്തിനും മറ്റ് യജ്ഞപരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്. ഒരാളിലേക്ക് മാത്രം ഒതുങ്ങാത്ത ആചാര്യസ്ഥാനവും കൂട്ടായ്മയുടെ കരുത്തുമാണ് പാറേക്കാവിലെ നവാഹത്തെ ശ്രദ്ധേയമാക്കുന്നത്.
ദേവിയെ ആരാധിക്കുന്ന വേദിയില്‍ സ്ത്രീശക്തി തന്നെ യജ്ഞത്തിന്റെ ചാലകശക്തിയാകുന്നു. ഭക്തിയും അര്‍പ്പണബോധവും ഒത്തുചേരുന്ന ഈ കൂട്ടായ്മയില്‍ ഓരോ അമ്മയും ആചാര്യയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്.
കോട്ടയം ജില്ലയില്‍ ഒരു ക്ഷേത്രത്തില്‍ 51 അമ്മമാര്‍ ചേര്‍ന്ന് ഇത്തരത്തില്‍ നവാഹയജ്ഞം നടത്തുന്നത് ആദ്യമായാണെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് ബിജു കൊല്ലപ്പള്ളി പറയുന്നു. പതിവ് യജ്ഞസങ്കല്‍പ്പത്തില്‍നിന്നുള്ള ഈ വ്യത്യസ്തതയാണ് ഭക്തജനങ്ങള്‍ക്കിടയില്‍ കൗതുകമുണര്‍ത്തുന്നത്.
മഹാനവമിയില്‍ കുമാരീപൂജ; വിജയദശമിയില്‍ വിദ്യാരംഭം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാനവമി ദിവസമായ ഇന്ന് രണ്ടുമുതല്‍ പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികളെ ദേവീസങ്കല്‍പ്പത്തില്‍ പൂജിക്കുന്ന കുമാരീപൂജ നടക്കും.
നാളെ രാവിലെ 7.30 മുതല്‍ വിദ്യാരംഭം നടത്തും. പ്രശസ്തരായ ആചാര്യന്‍മാര്‍ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കും. തുടര്‍ന്ന് രാവിലെ ഒന്‍പതിന് നവരാത്രി മണ്ഡപത്തില്‍ വാണിവന്ദനവും നൃത്തസംഗീതാര്‍ച്ചനയും നടക്കും. ഉച്ചയ്ക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്.






0 Comments