സുനില്‍ പാലാ
ആറടി മണ്ണു വേണ്ട, ഒരു മൂന്നടി മതി പ്ലീസ്... പാലാ നഗരസഭ പൊതുശ്മശാനമായ ''ആത്മവിദ്യാലയ''ത്തിലേക്കുള്ള വഴി വീതി വര്‍ധിപ്പിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റിയോട് മൂന്നടി വീതിയില്‍ സ്ഥലം വിട്ടുനല്‍കാന്‍ നഗരസഭയുടെ അപേക്ഷ.
ഇടുങ്ങിയ റോഡും ഇരുവശങ്ങളിലുമുള്ള അപകടാവസ്ഥയിലായ സംരക്ഷണഭിത്തികളും സൃഷ്ടിക്കുന്ന യാത്രാദുരിതത്തിനും സുരക്ഷാഭീഷണിക്കും പരിഹാരം കാണുന്നതിനായാണ് നഗരസഭയുടെ നീക്കം.
ആത്മവിദ്യാലയം പൊതുശ്മശാനത്തിലേക്കുള്ള വഴി നിലവില്‍ ഏറെ ഇടുങ്ങിയതാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണഭിത്തികള്‍ ഏതു സമയത്തും ഇടിഞ്ഞുവീഴാവുന്ന നിലയിലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ശ്മശാനത്തിലേക്ക് എത്തുന്നവര്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷിതമായി കടന്നുപോകാന്‍ കഴിയാത്ത സാഹചര്യം പരിഹരിക്കണമെങ്കില്‍ റോഡിന്റെ വീതി വര്‍ധിപ്പിക്കുകയും തകര്‍ച്ചാഭീഷണി നേരിടുന്ന സംരക്ഷണഭിത്തികള്‍ പുനര്‍നിര്‍മിക്കുകയും വേണം.
റോഡിന്റെ വടക്കുഭാഗത്തുള്ള സ്ഥലം കേരള വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ളതാണ്. ഏകദേശം 70 വര്‍ഷം മുമ്പ് വാട്ടര്‍ അതോറിട്ടിക്ക് ഓഫീസ് ആരംഭിക്കുന്നതിനായി വിട്ടുനല്‍കിയ സ്ഥലമാണിതെന്നാണ് നഗരസഭയുടെ വിശദീകരണം. ഈ സ്ഥലത്തുനിന്ന് റോഡിനോട് ചേര്‍ന്ന് മൂന്നടി വീതിയില്‍ നീളത്തില്‍ സ്ഥലം കൂടി ലഭ്യമാക്കിയാല്‍ സംരക്ഷണഭിത്തി നിര്‍മിക്കാനും വഴിയുടെ വീതി വര്‍ധിപ്പിക്കാനും കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്തോട് ചേര്‍ന്നുള്ള ഇടിഞ്ഞുപോയ മതില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സുരക്ഷിതമായ സംരക്ഷണഭിത്തി നിര്‍മിക്കേണ്ടതുണ്ട്. നിലവിലെ റോഡിന്റെ പരിമിതമായ വീതിയും മതിലുകളുടെ അപകടാവസ്ഥയും കണക്കിലെടുക്കുമ്പോള്‍ സ്ഥലം ലഭ്യമാക്കുന്നത് പൊതുശ്മശാനത്തിലേക്കുള്ള യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും.
മൂന്നടി വീതിക്കായി പ്രമേയം
പൊതുശ്മശാനത്തിലേക്കുള്ള വഴി വീതികൂട്ടുന്നതിന് മൂന്നടി വീതിയില്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കണമെന്ന് കേരള വാട്ടര്‍ അതോറിറ്റിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയം പാലാ നഗരസഭാ കൗണ്‍സില്‍ പാസാക്കി. കൗണ്‍സിലര്‍ ഷാജു തുരുത്തന്‍ അവതരിപ്പിച്ച പ്രമേയത്തിന് ബിജി ജോജോ അനുവാദകയായി.
70 12 23 03 34






0 Comments