രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായിരിക്കേണ്ട പാലാ ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം.
മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് ആശുപത്രിയില്‍ മോഷണം നടക്കുന്നത്. ലബോറട്ടറി ജീവനക്കാരുടെ ഡ്യൂട്ടി റൂമില്‍നിന്ന് ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇത്തവണ മോഷണം പോയത്. ബാഗിലുണ്ടായിരുന്ന പേഴ്സ് എടുത്തശേഷം ബാഗ് പിന്നീട് ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
മോഷ്ടാവ് ആശുപത്രിയിലെത്തുന്നതും തിരികെ പോകുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നതാണ് ആവര്‍ത്തിച്ചുള്ള മോഷണങ്ങള്‍. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും തിരക്കുള്ള പകല്‍സമയത്തുപോലും മോഷണം നടക്കുന്നത് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയുടെ ഗൗരവം വ്യക്തമാക്കുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് പട്ടാപ്പകല്‍ മോഷണം നടന്നിരുന്നു. ഇതിലെ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങള്‍ നിര്‍ണായകം
മോഷ്ടാവ് ആശുപത്രിയിലെത്തുന്നതും മോഷണത്തിനുശേഷം മടങ്ങിപ്പോകുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുള്ളത് അന്വേഷണത്തിന് നിര്‍ണായകമാകും. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
പതിറ്റാണ്ടുകളായുള്ള ആവശ്യം: ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണം
ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. അടുത്തകാലത്തും പാലാ നഗരസഭാ കൗണ്‍സില്‍ യോഗം ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചിരുന്നു. എന്നാല്‍, ഈ ആവശ്യത്തില്‍ ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
70 12 23 03 34






0 Comments