സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ആർടിസി നടപ്പാക്കിയ വെറ്റ് ലീസ് ബസ് പദ്ധതി വരുമാനത്തിൽ നേട്ടമുണ്ടാക്കുന്നു. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന അഞ്ച് എസി ബസുകളിൽ നിന്ന് ഒരു മാസത്തിനിടെ 1.86 ലക്ഷം രൂപയിലധികം അധിക വരുമാനമാണ് കോർപറേഷന് ലഭിച്ചത്.
ഈ ബസുകളുടെ വാടക ഇനത്തിൽ 1,00,85,011 രൂപ ചെലവായപ്പോൾ ടിക്കറ്റ് വിൽപ്പനയിലൂടെ 1,02,71,847 രൂപ ലഭിച്ചു. ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമായ 1,86,836 രൂപയാണ് കെഎസ്ആർടിസിയുടെ അധിക വരുമാനം.
ആദ്യഘട്ടത്തിൽ കിലോമീറ്ററിന് 64 രൂപ നിരക്കിലാണ് ബസുകൾ കരാറെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ കിലോമീറ്ററിന് 53 രൂപ നിരക്കിലും എസി ബസുകൾ ലഭിക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നതോടെ വരുമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
കോഴിക്കോട്–ബെംഗളൂരു സർവീസാണ് കിലോമീറ്ററിന് 70.02 രൂപ വരുമാനവുമായി മുന്നിലുള്ളത്.
വെറ്റ് ലീസ് സംവിധാനത്തിൽ ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധനം, ഡ്രൈവർമാരുടെ ചെലവ് എന്നിവ ബസുടമകളാണ് വഹിക്കുന്നത്. കണ്ടക്ടറുടെ ശമ്പളവും ടിക്കറ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട ചെലവുകളും മാത്രമാണ് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത്. സ്വന്തം ബസുകൾ നിരത്തിലിറക്കുന്നതിനെ അപേക്ഷിച്ച് ചെലവ് കുറയ്ക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
അതേസമയം, വാടക ബസുകൾ കോർപറേഷന് അധിക ബാധ്യതയാണെന്നും ഇതിലൂടെ കെഎസ്ആർടിസി ഡ്രൈവർമാരുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാകുമെന്നുമുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ പല ഡിപ്പോകളിലും ആവശ്യത്തിന് സ്ഥിരം ഡ്രൈവർമാരില്ലാ ത്തതിനാൽ കരാർ ജീവനക്കാരെ ഉപയോഗിച്ചാണ് നിലവിൽ സർവീസുകൾ നടത്തുന്നത്.
എട്ട് വർഷത്തിൽ താഴെ പഴക്കമുള്ള ബസുകളാണ് വെറ്റ് ലീസ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. മികച്ച സീറ്റുകളും സൗകര്യങ്ങളുമുള്ള ഇത്തരം ബസുകൾ യാത്രക്കാർക്കും മെച്ചപ്പെട്ട അനുഭവം നൽകുന്നു. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ പുതിയ ബസുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലാത്ത സാഹചര്യത്തിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള പ്രായോഗിക മാർഗമായാണ് വെറ്റ് ലീസ് പരിഗണിക്കപ്പെടുന്നത്.
സ്വന്തം ബസുകളുടെ പ്രവർത്തനത്തിലൂടെ പ്രതിദിനം ഒൻപത് കോടി രൂപ വരുമാനം ലഭിച്ചിരുന്ന കാലത്തുപോലും കെഎസ്ആർടിസിയുടെ ചെലവ് 12 കോടി രൂപയായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി സർക്കാർ പ്രതിമാസം 120 കോടി രൂപ നൽകുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ എൽഡിഎഫ് സർക്കാർ കെഎസ്ആർടിസിയെ നിലനിർത്താൻ ചെലവഴിച്ചത് 14,102 കോടി രൂപയാണ്. എന്നിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
വാടക ബസുകൾ ഉപയോഗിക്കുന്ന രീതി കെഎസ്ആർടിസി നേരത്തെയും പരീക്ഷിച്ചിട്ടുണ്ട്. 2017ൽ പത്ത് സ്കാനിയ ബസുകൾ വാടകയ്ക്ക് എടുത്തിരുന്നെ ങ്കിലും കരാറിലെ അപാകതകൾ കാരണം പദ്ധതി വിജയിച്ചില്ല.
70 12 23 03 34


0 Comments