ശബരിമല ട്രാൻസ്ജെൻഡർ പ്രവേശനം; മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി
ശബരിമലയിൽ ട്രാൻസ്ജെൻഡർമാർക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട അനുശ്രീ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളിയത്.
തടസ്സങ്ങളില്ലാതെ ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കണമെന്നും ഇതിനായി ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ, വിഷയം പരിഗണിക്കാനുള്ള അധികാരം മദ്രാസ് ഹൈക്കോടതിക്കുണ്ടോയെന്ന കാര്യത്തിൽ കോടതി സംശയം ഉന്നയിച്ചു.
ഈ വർഷം താനടക്കം 15 ട്രാൻസ്ജെൻഡർമാർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചുവെന്നായിരുന്നു അനുശ്രീയുടെ പ്രധാന ആരോപണം.
എന്നാൽ, ശബരിമല സ്ഥിതി ചെയ്യുന്നത് കേരളത്തിലായിരിക്കെ ഈ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെ ഹർജി നിലനിൽക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം.
പൊതുതാൽപര്യ ഹർജിയായി സമർപ്പിച്ച കേസിൽ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണെന്നും കോടതി നിരീക്ഷിച്ചു.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഹൈക്കോടതിക്കു മാത്രമേ വിഷയത്തിൽ ഇടപെടാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.
കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്ന കാര്യവും ചൂണ്ടിക്കാട്ടി.
ഇതേ വിഷയത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മറ്റൊരാൾ ഇതിനകം കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.
ഈ ഹർജിയിൽ കേരള ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേസ് നിലവിൽ പരിഗണനയിലാണെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ ഹർജി പിൻവലിക്കുകയായിരുന്നു. തുടർന്ന് കോടതി കേസ് തള്ളി.
70 12 23 03 34


0 Comments