സുനിൽ പാലാ
പാലാ - രാമപുരം റൂട്ടില്‍ ചക്കാമ്പുഴ നിരപ്പില്‍ വഴിയരുകില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി.
പത്തനംതിട്ട നഗരസഭയില്‍ നിന്ന് മാലിന്യം നീക്കാന്‍ കരാറെടുത്തവരാണ് കുറ്റക്കാര്‍. റിയാസ് എന്നയാളാണ് കരാറെടുത്തത്. ഇയാള്‍ ടോറസ് ഡ്രൈവറായ സുമേഷിനെ ഈ മാലിന്യം നീക്കാന്‍ ഏല്പിച്ചു. കെ.എല്‍ 40 എം 4306 നമ്പര്‍ ലോറിയിലാണ് മാലിന്യം കൊണ്ടുവന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
പൊതുവഴിയില്‍ മാലിന്യം തള്ളിയതിന് ഡ്രൈവര്‍ സുമേഷിനെതിരെ കേസെടുത്ത രാമപുരം പോലീസ് 10,000 രൂപാ പിഴ ഈടാക്കുമെന്നും അറിയിച്ചു.
പത്തനംതിട്ടയില്‍ നിന്നും കരാറെടുത്ത റിയാസില്‍ നിന്നും 25,000 രൂപാ പിഴ ഈടാക്കിയതായി രാമപുരം പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോസഫ് പറഞ്ഞു.
പൊതുപ്രവര്‍ത്തകനായ ഓസ്റ്റിന്‍ ജോസഫ് കുരിശുംമൂട്ടില്‍ നല്‍കിയ പരാതിയില്‍ രാമപുരം പോലീസ് അന്വേഷണം നടത്തവെ സമാന്തര അന്വേഷണം നടത്തിയ രാമപുരം പഞ്ചായത്ത് അധികാരികളുടെ നീക്കമാണ് പ്രതികള്‍ കുടുങ്ങാന്‍ കാരണം. പൊതുവഴിയില്‍ മാലിന്യം തളളുന്നതിനെതിരെയുള്ള ഐ.പി.സി 269-ാം വകുപ്പ് പ്രകാരമാണ് രാമപുരം പോലീസ് കേസെടുത്തത്.
പോലീസ് അവശ്യപ്പെട്ടതനുസരിച്ച് കരാറുകാരന്‍ മറ്റൊരു ലോറിയും ജെ.സി.ബിയും സ്ഥലത്തെത്തിച്ച് ഇന്നലെ വൈകുന്നേരത്തോടെ മാലിന്യം റോഡുവക്കില്‍ നിന്ന് നീക്കുകയും ചെയ്തു.
രാമപുരം എസ്.ഐ. കെ.ബി. ജയന്‍, പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോസഫ്, അസി. സെക്രട്ടറി സിന്ധു എബിജോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് റോഡുവക്കില്‍ നിന്ന് മാലിന്യം മുഴുവന്‍ നീക്കിയത്.
പഞ്ചായത്ത് അധികൃതരുടെ ചടുലമായ നീക്കവും ഓസ്റ്റിന്റെ പൊതുതാല്പര്യ പരാതിയും പ്രതികളെ കുടുക്കി
ചക്കാമ്പുഴ നിരപ്പില്‍ വന്‍തോതില്‍ മാലിന്യം തള്ളിയത് സംബന്ധിച്ച് ''കേരള കൗമുദി'' റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, സെക്രട്ടറി മാര്‍ട്ടിന്‍ ജോസഫ് എന്നിവര്‍ സ്ഥലത്തെത്തി. ഇവര്‍ മാലിന്യങ്ങള്‍ക്കിയില്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ പത്തനംതിട്ട നഗരസഭയിലേതുള്‍പ്പെടെയുളള ചില രസീതുകള്‍ കിട്ടി.
ഈ രസീതിലെ ഫോണ്‍ നമ്പറില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് നഗരസഭാ അധികാരികളെ വിളിച്ചപ്പോഴാണ് മാലിന്യം നീക്കാന്‍ കരാര്‍ കൊടുത്തിരുന്നതായും കരാറുകാരനായ റിയാസ് കഴിഞ്ഞ ദിവസം മാലിന്യം നീക്കിയതായും വ്യക്തമായത്.
ഇതേ തുടര്‍ന്ന് റിയാസിന്റെയും ഡ്രൈവര്‍ സുരേഷിന്റെയും ഫോണ്‍ നമ്പരും ടോറസിന്റെ നമ്പരുമുള്‍പ്പെടെയുള്ള വിവരം പഞ്ചായത്ത് അധികാരികള്‍ രാമപുരം പോലീസിനെ അറിയിച്ചതാണ് വഴിത്തിരിവായത്.
എസ്.ഐ. മാരായ സാബു, കെ.ബി. ജയന്‍ എന്നിവുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയും ലോറിയും ഡ്രൈവറേയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കേസെടുത്ത പോലീസ് മാലിന്യം ഉടന്‍ നീക്കാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടു. പിഴയിടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പഞ്ചായത്ത് അധികാരികളും കാരാറുകാരനില്‍ നിന്ന് പിഴ ഈടാക്കുകയയിരുന്നു.
പൊതുപ്രവര്‍ത്തകനായ ഓസ്റ്റിന്‍ ജോസഫ് കുരിശുംമൂട്ടില്‍ "കേരള കൗമുദി " വാര്‍ത്തയുടെ കോപ്പി സഹിതം രാമപുരം പോലീസില്‍ പരാതി നല്‍കിയതും അന്വേഷണത്തിന് തുണയായി.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തിക്കെതിരെ ശക്തമായി നലപാടെടുക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്ത ഓസ്റ്റിന്‍ ജോസഫിനെ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് തുടങ്ങിയവര്‍ അഭിനന്ദിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments