കൊഴുവനാലിലെ ജനങ്ങള്‍ ഇനി തുരുമ്പുവെള്ളം കുടിക്കേണ്ടി വരില്ല... പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാക്കും.... തിങ്കളാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പഞ്ചായത്ത് മെമ്പര്‍ രമ്യാ രാജേഷ്.






സുനില്‍ പാലാ


കൊഴുവനാല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ വടയാര്‍ ജലനിധി പദ്ധതിയില്‍ നിന്ന് കുടിവെള്ളം എടുക്കുന്ന 52 കുടുംബങ്ങള്‍ ഏതാനും മാസങ്ങളായി തുരുമ്പ് കലര്‍ന്ന വെള്ളം കുടിക്കുന്നത് സംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളമൊഴുക്കാന്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്തതുമൂലമുണ്ടായതാണ് ഈ ദുഃസ്ഥിതി. 





മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം പഞ്ചായത്ത് പ്രസിഡന്റുമായും ഗുണഭോക്തൃസമിതി ഭാരവാഹികളുമായും അനൗദ്യോഗിമായി സംസാരിച്ച് ഏകദേശ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും ഒന്‍പതാം വാര്‍ഡ് മെമ്പര്‍ രമ്യാ രാജേഷ് ''യെസ് വാര്‍ത്ത'' യോട് പറഞ്ഞു. 



ജല്‍ജീവന്‍ മിഷനില്‍ നിന്നും ഫണ്ട് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. രണ്ടര കിലോമീറ്ററോളം ദൂരത്തില്‍ പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് ഇടണമെങ്കില്‍ 17 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഈ പദ്ധതിയില്‍ നിന്ന് കൂടുതല്‍ കണക്ഷന്‍ നല്‍കാന്‍ സാധിച്ചാല്‍ ഫണ്ട് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ചുരുങ്ങിയത് 30 കണക്ഷനുകള്‍ക്കൂടിയെങ്കിലും വേണ്ടിവരും. നിലവില്‍ പതിനഞ്ചോളം പേര്‍  പുതുതായി കണക്ഷന്‍ എടുക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും രമ്യാ രാജേഷ് ചൂണ്ടിക്കാട്ടി. 






മാധ്യമങ്ങള്‍ ഇക്കാര്യം ശക്തമായി റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് തിങ്കളാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഇതേക്കുറിച്ച് വിശദമായി അവതരിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജിന്റെ നേതൃത്വത്തിലാണ് ജല്‍ജീവന്‍ മിഷനില്‍ നിന്ന് തുക ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകളും നടപടിക്രമങ്ങളും നടത്തിവരുന്നതെന്നും ഒന്‍പതാം വാര്‍ഡ് മെമ്പര്‍ പറഞ്ഞു. 



ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന കാര്യത്തില്‍ പഞ്ചായത്ത് സമിതി ഒറ്റക്കെട്ടാണെന്നും ഇക്കാര്യത്തില്‍ മറ്റ് ചേരിതിരിവുകളോ പ്രശ്‌നങ്ങളോ ഒന്നുമില്ലെന്നും രമ്യാ രാജേഷ് വിശദീകരിച്ചു. 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments