ചക്കാമ്പുഴയിൽ ചാക്ക് കണക്കിന് മാലിന്യം..... ലോറിയിലെത്തിച്ച് റോഡരികിൽ തള്ളി




സുനിൽ പാലാ

മാലിന്യം തള്ളും, അതും നടുറോഡിൽ! ഇന്നലെ ഇട്ടത് ചക്കാമ്പുഴയില്‍

ഇങ്ങനെ റോഡുവക്കില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഒരു സംവിധാനവും ഈ നാട്ടില്‍ ഇല്ലേ...? പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കി വഴിവക്കില്‍ മാലിന്യം തള്ളുന്നവരുടെ എണ്ണം ഓരോ ദിവസവും ഏറുകയാണ്. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി കൊടുത്താലും കാര്യമായ പ്രയോജനമൊന്നുമില്ലെന്നാണ് ആക്ഷേപം .

പൊലീസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല; നാടൊട്ടാകെ സിസിടിവി ക്യാമറകള്‍ ഉണ്ടെങ്കിലും ഇതെല്ലാം സ്വന്തം വീട്ടുമുറ്റത്തേക്ക് മാത്രമായി പലരും പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ റോഡിലൂടെ മാലിന്യം നിറച്ച വണ്ടികള്‍ പോകുന്നത് കണ്ടെത്താന്‍ പൊലീസിനും ബുദ്ധിമുട്ടുണ്ട്. 

ഓരോ ദിവസവും ഓരോ സ്ഥലങ്ങളില്‍ നിന്നും മാലിന്യം വഴിവക്കില്‍ തള്ളുന്ന സംഭവങ്ങള്‍ ഏറിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച അര്‍ദ്ധരാത്രി രാമപുരം-ചക്കാമ്പുഴ-പാലാ റൂട്ടില്‍ ചക്കാമ്പുഴ നിരപ്പ് ഭാഗത്താണ് ഒരു ലോറി നിറയെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയിട്ടുള്ളത്. 

ചക്കാമ്പുഴ നിരപ്പ് പുളിക്കല്‍പടവില്‍ റോഡ് തുടങ്ങുന്നിടത്താണ് ഈ മാലിന്യക്കൂന. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ഇവിടെ കൂനകൂട്ടിയിട്ടിരിക്കുകയാണ്. 

ചക്കാമ്പുഴ റോഡിലെ മാലിന്യം തള്ളല്‍ സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ കുരിശുംമൂട്ടില്‍ ഓസ്റ്റിന്‍ ജോസഫ് രാമപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

അടുത്തകാലത്തായി പാലാ, മരങ്ങാട്, പൈക, ഈരാറ്റുപേട്ട റോഡുവക്ക് എന്നിവിടങ്ങളിലൊക്കെ വന്‍തോതില്‍ മാലിന്യം തള്ളിയിരുന്നു. 









ചൂണ്ടച്ചേരി ഭാഗത്ത് അടുത്തകാലത്തായി മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നു. 

പാലാ ടൗണില്‍ കിഴതടിയൂര്‍ ബൈപാസില്‍ അടുത്തകാലത്ത് ആരോ മാലിന്യം തള്ളിയിരുന്നു. 




മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണം

പൊതു ഇടങ്ങളില്‍ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിയമപാലകരും തയ്യാറാകണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും ജോയി പറഞ്ഞു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments