സുനിൽ പാലാ
പാലാ അല്‍ഫോന്‍സാ കോളേജില്‍ നടക്കുന്ന എന്‍.സി.സി. ക്യാമ്പില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൂട്ടത്തോടെ അസുഖബാധ. ഇതേതുടര്‍ന്ന് 55 കുട്ടികളെ ഇന്നലെ വീടുകളിലേക്ക് മടക്കിയയച്ചു.നാൽപ്പതോളം കുട്ടികള്‍ക്കുകൂടി അസുഖലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നു. ഇവരെ ചികിത്സിച്ച പാലാ ജനറല്‍ ആശുപത്രി അധികൃതര്‍ വിവരം ഡി.എം.ഒയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
500-ല്‍പരം കുട്ടികളാണ് കഴിഞ്ഞ അഞ്ച് ദിവസമായി അല്‍ഫോന്‍സാ കോളേജില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്തുവന്നിരുന്നത്. കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് കൂട്ടത്തോടെ ഛര്‍ദ്ദിയും പനിയും വയറുവേദനയും ദേഹവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്.
ഇത്തരത്തില്‍ രോഗം പിടിപെട്ട 30 കുട്ടികളെ ആദ്യം പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുചെന്നു. ഇന്നലെ 40 പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്‍.സി.സി ക്യാമ്പിലെത്തി കുട്ടികളെ പരിശോധിച്ചു. ഇന്നലെ വൈകിട്ടോടെ ചിലര്‍ക്ക് ജലദോഷവും പനിയും ആരംഭിച്ചിരുന്നു. ഇതോടെയാണ് ശാരീരിക അസ്വസ്ഥതയുള്ള കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കാന്‍ എന്‍.സി.സി. അധികൃതര്‍ തീരുമാനിച്ചത്.
ഭക്ഷ്യവിഷബാധയാണോ അസുഖത്തിന് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണമാണ് തങ്ങളും കഴിച്ചതെന്നും ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നും ക്യാമ്പിന് നേതൃത്വം നല്‍കുന്നവർ പറയുന്നു.
അസുഖബാധയുണ്ടായ ഒരു പെണ്‍കുട്ടി ഒരു പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹമാണ് വിവരം ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറിയത്. പിന്നീട് ജനറല്‍ ആശുപത്രി അധികാരികളും നഗരസഭ ആരോഗ്യവിഭാഗം അധികാരികളും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
ഇതേസമയം ജില്ലാ മെഡിക്കല്‍ ഓഫീസറെയും പാലാ ജനറല്‍ ആശുപത്രി അധികാരികളെയും ക്യാമ്പ് നടക്കുന്ന വിവരം കൃത്യമായി അറിയിച്ചിരുന്നുവെന്ന് എന്‍.സി.സി. ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതിനാല്‍ ക്യാമ്പിലെത്താനാകില്ലെന്നാണ് ജനറല്‍ ആശുപത്രിയിലെ ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്. കുട്ടികള്‍ക്കെന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ജനറല്‍ ആശുപത്രിയില്‍ നേരിട്ട് എത്തിക്കാനും എന്‍.സി.സി. ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചുവത്രെ.
ഹൈസ്‌കൂള്‍ മുതല്‍ ഡിഗ്രി ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇവിടെ ക്യാമ്പ് നടത്തിവരുന്നത്.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments