കടപ്പാട്ടൂരിലെ ലോഡ്ജില്‍ ചുറ്റികക്കടിയേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പ്രതി പിടിയില്‍

യെസ് വാര്‍ത്ത ക്രൈം ബ്യൂറോ




നാലുദിവസം മുമ്പ് കടപ്പാട്ടൂരിലെ ലോഡ്ജില്‍ വച്ച് ചുറ്റികക്കടിയേറ്റ അന്യസംസ്ഥാന തൊഴിലാളിമരണമടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒഡീഷ സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ അഭയ് (48) ആണ് മരിച്ചത്. 


കഴിഞ്ഞ 24 വര്‍ഷമായി ഇയാള്‍ മലയാളി യുവതിയെ വിവാഹം കഴിച്ച് മരങ്ങാട്ടുപള്ളി ഇല്ലിക്കല്‍ നെല്ലിത്താനത്തുമലയിലായിരുന്നു താമസം. കേസിലെ പ്രതിയും വെസ്റ്റ് ബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശിയുമായ പ്രദീപ് ബമനെ കോയമ്പത്തൂരില്‍ നിന്നും പാലാ സി.ഐ. കെ.പി. ടോംസണ്‍, എസ്.ഐ. എം.ഡി.അഭിലാഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. 


മരിച്ച അഭയിന്റെ ഭാര്യ വിദേശത്താണ്. മക്കള്‍ ഹൈദരാബാദില്‍ പഠിക്കുന്നു. അഭയ് കടപ്പാട്ടൂരുള്ള അന്യസംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു. അവിടെ വച്ച് വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അഭയ് പ്രദീപിനെ മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു. 

തുടര്‍ന്ന് കിടന്നുറങ്ങുകയായിരുന്ന അഭയിനെ പുലര്‍ച്ചെ ചുറ്റികയ്ക്ക് പ്രദീപ് തലയ്ക്കടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ കോട്ടയത്തും എറണാകുളത്തുമൊക്കെ കറങ്ങി ഒടുവില്‍ ട്രെയിനില്‍ കോയമ്പത്തൂരില്‍ ചെന്നിറങ്ങി. 






റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പാലാ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.




Post a Comment

0 Comments