പതിനാല് വയസ്സുള്ള പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് 18 തവണ!.. സ്‌കൂളിലെ സോഷ്യല്‍ ദിനത്തില്‍ ബാത്ത് റൂമില്‍ അടിച്ചുഫിറ്റായ കൗമാരക്കാരികള്‍.. ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തില്‍ പതിനാലുകാരന്‍ കൈ ഞരമ്പ് മുറിച്ചു...





സുനിൽ പാലാ

ഇതൊക്കെ നടന്നത് അന്യസംസ്ഥാനങ്ങളിലോ കേരളത്തിൻ്റെ മറ്റേതെങ്കിലും  പ്രദേശങ്ങളിലോ ആണെന്ന് കരുതിയാല്‍ തെറ്റി. ഇങ്ങ് കോട്ടയം ജില്ലയിലെ ഏതാനും സ്‌കൂള്‍ കുട്ടികള്‍ അടുത്തിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ കാണിച്ചുകൂട്ടിയ ഞെട്ടിക്കുന്ന സംഭവങ്ങളാണിതൊക്കെ. 

പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി മിഷന്‍ ഡി-അഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും മുന്‍ കോളേജ് അധ്യാപികയുമായ ആശാ മരിയ പോള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ടുനിന്നവരില്‍ ഞടുക്കവും കടുത്ത ദുഃഖവും ഉണ്ടാക്കി. 




ഇന്നലെ പാലാ നഗരസഭയും വിമുക്തി മിഷനും ചേര്‍ന്ന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാര്‍ നയിക്കവെയാണ് മാതാപിതാക്കളെ കടുത്ത ആശങ്കയിലാക്കിയ സംഭവങ്ങള്‍ ആശാ മരിയാ പോള്‍ വിവരിച്ചത്. ഇതു പോലുള്ള സംഭവങ്ങൾ നമ്മുടെ തൊട്ടടുത്തു വരെ നടക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കിയേ തീരൂവെന്നും ആശ പറഞ്ഞു.

''പാലായ്ക്കടുത്തുള്ള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കഥാനായിക. ഇവളുടെ കാമുകനാകട്ടെ 42 വയസ്സും! കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാല്‍ അപ്പോഴേ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെണ്‍കുട്ടി. 15 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി. ജീവന്‍ രക്ഷപെട്ടത് ആയുസ്സിന്റെ ബലംകൊണ്ട് മാത്രം. എന്നിട്ടും അവള്‍ കാമുകനെതിരെ ഒരക്ഷരം പറയില്ല'' കൗണ്‍സിലിംഗിന്റെ വെളിച്ചത്തില്‍ ആശാ മരിയാ പോള്‍ വിശദീകരിച്ചപ്പോള്‍ കേട്ടവര്‍ക്ക് തരിച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 

15 വയസ്സുകാരിയായ മറ്റൊരു പെണ്‍കുട്ടി ഒരു കസിന്‍ ബ്രദറില്‍ നിന്നാണ് ആദ്യം കഞ്ചാവിന്റെ പുകയെടുത്തത്. പിന്നീട് ഇരുവരും ചേര്‍ന്ന് സിഗററ്റ് വാങ്ങി വീട്ടില്‍ വച്ച് കഞ്ചാവ് ചേര്‍ത്ത് വലിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്ക് സംശയം തോന്നി എക്‌സൈസ് വകുപ്പിനെയും തുടര്‍ന്ന് വിമുക്തി മിഷനെയും ബന്ധപ്പെട്ട് കുട്ടിക്ക് ഇപ്പോള്‍ ചികിത്സ ആരംഭിച്ചു. കൃത്യമായ ചികിത്സയും തുടർച്ചയായ  കൗൺസിലിംഗും കൊടുത്തതോടെ ലഹരി വിപത്തിൽ നിന്നും മോചിതയായ പെൺകുട്ടി ഇത്തവണ എസ്. എസ്. എൽ. സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സോടെ പാസ്സാവുകയും ചെയ്തു.




"കോട്ടയം ജില്ലയിലെ മറ്റൊരു സ്‌കൂളില്‍ സോഷ്യല്‍ ആഘോഷ ദിവസം ബാത്ത് റൂമിലിരുന്ന് ഒരു ഫുള്‍കുപ്പി മദ്യം അടിച്ചത് 15 വയസ്സുള്ള നാല് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ്. ഒരു കോളേജ് അധ്യാപികയായിരുന്ന എനിക്ക് ഈ സംഭവത്തിലെ കക്ഷികളെ കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ കൂടുതല്‍ ഞെട്ടലുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ ആഘോഷങ്ങളിലും മദ്യപാനികളായിരുന്നു ഈ നാല്‍വര്‍ സംഘം എന്നാണ് വെളിപ്പെട്ടത്."- ആശ പറഞ്ഞു.

ഇതേപോലുള്ള നിരവധി കൗമാരക്കാരാണ് വിമുക്തി മിഷനിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നതെന്നും സൈക്യാട്രിക്ക്  സോഷ്യൽ വർക്കർ ചൂണ്ടിക്കാട്ടി. 



സമ്മേളനം പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

 സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ തോമസ് പീറ്റര്‍, ഷാജു വി.  തുരുത്തന്‍, ബിന്ദു മനു, ബൈജു കൊല്ലംപറമ്പില്‍, നീനാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments