വിജയദശമി നാളില്‍ പാരമ്പര്യ രീതിയില്‍ മണലിലെഴുതാന്‍ ശിവഗിരി ശ്രീ ശാരദാ ദേവീ സന്നിധിയില്‍ നിന്നെത്തിച്ച പഞ്ചാര മണല്‍ ഇന്നലെ രാവിലെ കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിച്ചു.
തുമ്പയില്‍ രാമകൃഷ്ണന്‍ നായര്‍, കൊച്ചുമകന്‍ എസ്. അഭിനവ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പവിത്രമായ മണല്‍ വെള്ളപ്പട്ടില്‍ പൊതിഞ്ഞ് കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചത്. ശ്രീകോവിലിന് വലംവച്ച് ഇവര്‍ സോപാനത്തിങ്കല്‍ എത്തിയപ്പോള്‍ കാവിന്‍പുറം ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, ഏഴാച്ചേരി എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികാനാലില്‍, കാവിന്‍പുറം ഭരണസമിതി അംഗം വിജയകുമാര്‍ ചിറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് മണല്‍ ഏറ്റുവാങ്ങി തിരുനടയില്‍ സമര്‍പ്പിച്ചു.
ഇതോടൊപ്പം തൂലികാ പൂജയ്ക്കുള്ള പേനകളും രാമകൃഷ്ണന്‍ നായര്‍ മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിക്ക് കൈമാറി.
ഇന്നലെ വൈകിട്ട് ക്ഷേത്രത്തില്‍ സരസ്വതി മണ്ഡപത്തില്‍ പൂജവെയ്പ്പ് നടന്നു. തൂലികാ പൂജയും ആരംഭിച്ചു. വിജയദശമി നാള്‍ വരെ രാവിലെ വിശേഷാല്‍ സരസ്വതി പൂജ നടക്കും. ബുധനാഴ്ച രാവിലെ 7.30 മുതല്‍ വിദ്യാരംഭവും പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും തൂലികാപൂജ പ്രസാദ വിതരണവും നടക്കും.
0 Comments