വൈദികര്‍ വിമതരും വിവാദ നായകരുമാകുന്ന കാലഘട്ടമാണിത്. സന്യസ്തര്‍ക്കിടയിലെ വളരെ നേരിയ ശതമാനം മാത്രമുള്ള ചില ദുഷിച്ച ശീലങ്ങള്‍ ആഘോഷിക്കപ്പെടുന്നതാണ് ഇത്തരം വാര്‍ത്തകള്‍. സന്യസ്തരെ മോശക്കാരാക്കാന്‍ സഭയ്ക്ക് പുറത്തുള്ളവരുടെ ക്വട്ടേഷന്‍ എടുത്ത് നാടാകെ ആഘോഷമായി എഴുന്നള്ളിക്കപ്പെടുന്ന ചില 'അഭിനവ കന്യാസ്ത്രീകള്‍' വരെയുള്ളതാണ് ഈ കാലഘട്ടം.
അവിടെയാണ് തൃശൂര്‍ രൂപതയിലെ ഒരു യുവ വൈദികന്റെ മാതൃക കഴിഞ്ഞ ഏതാനും ദിവസങ്ങളായി നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. തൃശൂര്‍ ജില്ലയിലെ മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയില്‍ ഒരു വിശ്വാസി വൈദികനെ കയ്യേറ്റം ചെയ്തതും അയാളോട് ക്ഷമിച്ചുകൊണ്ട് വൈദികന്‍ പരസ്യമായി അദ്ദേഹത്തിന്റെ പാദങ്ങള്‍ കഴുകി ചുംബിച്ചതുമാണ് സംഭവം.
തന്നെ കൈയ്യേറ്റം ചെയ്തവന്‍ ക്ഷമ പറയാന്‍ തയ്യാറായി വന്നപ്പോള്‍ അദ്ദേഹത്തെകൊണ്ടു മാപ്പു പറയിക്കാന്‍ നില്‍ക്കാതെ ഒരു പാത്രത്തില്‍ വെള്ളം കൊണ്ടുവരാന്‍ ശുശ്രൂഷിയോടു പറഞ്ഞ യുവ വൈദികന്‍ ആ വെള്ളം കൊണ്ട് അയാളുടെ പാദങ്ങള്‍ കഴുകി ചുംബിക്കുകയായിരുന്നു. പെസഹാ ദിനത്തില്‍ ക്രിസ്തു ശിഷ്യന്മാരുടെ കാല്‍ കഴുകിയ മാതൃകയാണ് വൈദികന്‍ ആവര്‍ത്തിച്ചത് . ഒരു പക്ഷെ ഒരു ക്രൈസ്തവ പുരോഹിതന് മാത്രം ചെയ്യാന്‍ കഴിയുന്ന സഹനമാണ് ഈ പള്ളിയിലെ വികാരിയായ ഫാ. നവീന്‍ ഊക്കനില്‍ നിന്നുണ്ടായത്.
മാള തുമ്പരശേരി സെന്റ് മേരീസ് ഇടവകയിലെ വയോധികരെ വിനോദയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്താന്‍ വൈകിയതില്‍ രോഷം പൂണ്ടാണ് ഒരു ഇടവാകാംഗം വികാരിയായ ഫാ. നവീന്‍ ഊക്കനെ കയ്യേറ്റം ചെയ്തത്. ഇടവക സമൂഹം സംഭവത്തില്‍ വിശ്വാസിക്കെതിരെ തിരിയാന്‍ കാരണം വേറെ വേണ്ടല്ലോ . ജനം രോഷത്തോടെ പ്രതികരിക്കാന്‍ തീരുമാനിച്ചപ്പോഴും വൈദികന്‍ തടഞ്ഞു.
അങ്ങനെയെങ്കില്‍ കയ്യേറ്റം ചെയ്തയാള്‍ മാപ്പ് ചോദിക്കണമെന്നായി മറ്റ് വിശ്വാസികള്‍. ഇല്ലെങ്കില്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനും പള്ളിക്കമ്മിറ്റി തീരുമാനിച്ചു. അത് പ്രകാരം പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ചെയ്ത കാര്യത്തിന് മാപ്പ് പറഞ്ഞു പ്രശ്‌നം തീര്‍ക്കാന്‍ ഈ വിശ്വാസിയും തയ്യാറായി. കുര്‍ബാന മധ്യെ മാപ്പ് പറയണമെന്നായിരുന്നു മറ്റു വിശ്വാസികളുടെ ആവശ്യം.
പിന്നത്തെ ഞായറാഴ്ച (കഴിഞ്ഞ ഞായറാഴ്ച) വിശുദ്ധ കുര്‍ബാന മധ്യേ മാപ്പ് പറയാന്‍ എത്തിയ വിശ്വാസിയെ വികാരി ഫാ. നവീന്‍ ഊക്കന്‍ തടഞ്ഞു. പകരം ഫാ. നവീന്‍ ഊക്കന്‍ അദ്ദേഹത്തെ അള്‍ത്താരയ്ക്കു സമീപത്തേക്കു വിളിച്ചു.
ഇടവക ജനത്തോടു വികാരി പറഞ്ഞു, 'പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം മാപ്പു പറയാന്‍ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം.
ഇതോടെ വിശ്വാസികളും പുരോഹിതന്റെ തീരുമാനത്തെ പിന്തുണച്ചു. തുടര്‍ന്നായിരുന്നു വൈദികന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാല്‍ കഴുകിയതുപോലെ കാല്‍ കഴുകി, കാലില്‍ ചുംബിച്ചത്.
സംഭവം പിറ്റേന്ന് വാര്‍ത്തയായി . നവമാധ്യമങ്ങളിലും ചര്‍ച്ചയായി . എതിരായും അനുകൂലമായും അഭിപ്രായങ്ങളും വന്നു. ഇത്തരം സംഭവങ്ങള്‍ ഇടവകകളില്‍ നടക്കുന്നത് വലിയ തര്‍ക്കവും വിശ്വാസികള്‍ക്കിടയിലെ ചേരിതിരിവുമായി മാറുന്നതാണ് സാധാരണ പതിവുള്ള കാര്യം. എന്നാല്‍ അത്തരം സംഭവങ്ങളില്‍ ഒരു മാതൃകയാണ് ഫാ. നവീന്‍ ഊക്കന്‍ സമൂഹത്തിനു നല്‍കിയിരിക്കുന്നത്.




0 Comments