വഴിയിലേക്ക് വളഞ്ഞുനില്‍ക്കുന്ന റബര്‍ മരങ്ങള്‍ അപകടഭീഷണി സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞിട്ട് ആരും കേട്ടില്ല... ഒടുവില്‍ എന്തായി, മരമൊടിഞ്ഞ് വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു ലൈനുകളും പൊട്ടിപ്പോയി. ആരോട് ചോദിക്കാന്‍... പറയാന്‍?



മുത്തോലി പഞ്ചായത്ത് അതിര്‍ത്തിയിലെ തെക്കുംമുറി കവുങ്ങുംപള്ളി പൂവത്തനാടി റോഡിലേക്കാണ് റബര്‍ മരം ഒടിഞ്ഞുവീണത്.

വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടിത്തകര്‍ന്നതോടെ ഈ മേഖലയാകെ ഇരുട്ടിലുമായി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മരമൊടിഞ്ഞുവീണ സമയം ഇതുവഴി ആരും കടന്നുവരാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു.

തെക്കുംമുറി കുഴിമറ്റം ഭാഗത്ത് റോഡിലേക്ക് വളഞ്ഞ് നിരവധി റബര്‍മരങ്ങള്‍ നില്‍പ്പുണ്ട്. ഏതാനും നാള്‍മുമ്പ് ഇതുവഴി വന്ന ഒരു കാറിന് മുന്നിലേക്ക് മരമൊടിഞ്ഞ് വീണെങ്കിലും ഞൊടിയിടയുടെ നിമിഷത്തില്‍ കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.



കവുങ്ങുംപള്ളി പൂവത്തനാടി റോഡ് വക്കില്‍ വഴിയിലേക്ക് വളഞ്ഞുനില്‍ക്കുന്ന റബര്‍മരങ്ങളും ചില്ലകളും വെട്ടിനീക്കണമെന്ന് പലതവണ യാത്രക്കാര്‍ സ്ഥലമുടമകളോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ചെറിയൊരു കാറ്റടിച്ചാല്‍ തന്നെ ഈ മരങ്ങള്‍ ഒടിഞ്ഞുവീണ് പോസ്റ്റുകള്‍ തകര്‍ന്നും ലൈനുകള്‍ പൊട്ടിയും വൈദ്യുതി ബോര്‍ഡിന് കനത്ത നഷ്ടമുണ്ടാകുമെന്നും കെ.എസ്.ഇ.ബി. കിടങ്ങൂര്‍ സെക്ഷന്‍ അധികാരികളെ നാട്ടുകാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ടച്ചിംഗ് വെട്ടാനോ വളഞ്ഞ് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനോ അധികാരികളും തയ്യാറായില്ല. 



ലൈനിലേക്ക് റബര്‍ മരം ഒടിഞ്ഞുവീണ് പോസ്റ്റുകളും മറ്റും തകര്‍ന്നതിനാല്‍ തെക്കുംമുറി കുഴിമറ്റം ഭാഗത്തെ വീട്ടുകാര്‍ക്ക് ജീവിതം ദുരിതമായി. വൈദ്യുതി ഇല്ലായെന്ന് മാത്രമല്ല മോട്ടോര്‍ ഉപയോഗിച്ച് കുടിവെള്ളം എടുക്കാനും സാധിക്കാതെ വന്നു. കെ.എസ്.ഇ.ബി. കിടങ്ങൂര്‍ സെക്ഷനിലെ ജീവനക്കാര്‍ പോസ്റ്റുകള്‍ മാറ്റി വൈദ്യുതി വിതരണം സുഗമമാക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ത്തിയായിട്ടില്ല.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments