ഭാഗ്യരാജ് സാറിന്റെ കീഴില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്ന് പൃഥ്വിരാജ്.... അനുശോചനം രേഖപ്പെടുത്തി ജയറാം, മുഖ്യമന്ത്രി വി.ഡി. സതീശന്‍

 

തമിഴ് സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ കെ. ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കേരളത്തിലെ സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സാറിന്റെ കീഴില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും കലാലോകത്തെ യഥാര്‍ഥ ഇതിഹാസമായിരുന്നു അദ്ദേഹമെന്നും പൃഥ്വിരാജ് കുറിച്ചു.


 ഭാഗ്യരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് വന്‍ വിജയമായി മാറിയ പാരിജാതം (2006) എന്ന തമിഴ് ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. ഭാഗ്യരാജ് ഒരു മികച്ച മനുഷ്യനും തങ്ങളുടെ കുടുംബത്തിന്റെ അടുത്ത സുഹൃത്തുമായിരുന്നുവെന്ന് നടന്‍ ജയറാം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ വലിയൊരു ഭാഗ്യമാണെന്നും മുപ്പത് വര്‍ഷത്തിലേറെ നീണ്ട വലിയൊരു സൗഹൃദമായിരുന്നു തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നതെന്നും ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഭാര്യ പാര്‍വതിയോടൊപ്പം എത്തിയ ശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു.


 ഭാഗ്യരാജ് പ്രധാന വേഷത്തിലെത്തിയ തുണൈ മുതല്‍വര്‍ (2015) എന്ന ചിത്രത്തില്‍ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും തങ്ങളുടെ അനുശോചനം അറിയിച്ചു. തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച മികച്ചൊരു കലാകാരനെയാണ് ഭാഗ്യരാജിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് നേതാക്കള്‍ അനുസ്മരിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments