കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന് ഇത് അഭിമാന നിമിഷം. ഇത്തവണത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷാ (കീം-2026) ഫലം പുറത്തുവന്നപ്പോൾ മന്ത്രിയുടെ മണ്ഡലമായ അങ്കമാലിയ്ക്കടുത്തുള്ള ഒരു കൊച്ചു ഗ്രാമമായ അയ്യമ്പുഴ അമലാപുരത്തേയ്ക്ക് ഒന്നാം റാങ്കിന്റെ അഭിമാനകരമായ നേട്ടവുമായാണ് റോഷൻ രാജു എത്തിയത്.
തന്റെ സ്വന്തം നാട്ടുകാരനായ മിടുക്കന്റെ വിജയം മാധ്യമങ്ങൾക്കു മുമ്പിൽ വിളിച്ചറിയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് മന്ത്രി. ഗെയിം ഡെവലപ്പറാകാൻ മോഹം; പഠനം കഠിനാധ്വാനത്തിലൂടെ കുട്ടിക്കാലം മുതൽക്കേ കമ്പ്യൂട്ടർ കോഡിങ്ങിലും വീഡിയോ ഗെയിമുകളുടെ നിർമ്മാണത്തിലും വലിയ താല്പര്യമുള്ള റോഷന്റെ ലക്ഷ്യം ഒരു 'ഗെയിം ഡിസൈനറും സോഫ്റ്റ്‌വെയർ ഡെവലപ്പറും' ആകുക എന്നതാണ്.
പൈത്തൺ ലൈബ്രറികൾ ഉപയോഗിച്ച് സ്വന്തമായി ചെറിയ ഗെയിമുകൾ ഇതിനകം തന്നെ റോഷൻ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഐ.ഐ.ടി മദ്രാസിലോ ഖരഗ്പൂരിലോ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിന് ചേരണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം. തുടർച്ചയായ മോക്ക് ടെസ്റ്റുകളും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ സമയക്രമം പാലിച്ച് ചെയ്തു പഠിച്ചതുമാണ് ഈ വിജയത്തിന് പിന്നിലെന്ന് റോഷൻ പറയുന്നു. സ്കൂൾ അധ്യാപകരുടെയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെയും പിന്തുണ ഈ യാത്രയിൽ വലിയ പങ്കുവഹിച്ചു.
കെ.എസ്.എഫ്.ഇയിൽ മാനേജരായ രാജുവിന്റെയും ആലുവയിൽ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപികയായ ജാസ്മിന്റെയും മകനാണ് റോഷൻ. റോഹൻ സഹോദരനാണ്. മഞ്ഞപ്രയ്ക്കടുത്തുള്ള സെന്റ് പാട്രിക്സ് അക്കാദമിയിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ചങ്ങനാശ്ശേരി കെ.ഇ സ്കൂളിൽ നിന്നാണ് പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. പ്ലസ്ടു ബോർഡ് പരീക്ഷയിലും ഇംഗ്ലീഷിന് ഒഴികെ ബാക്കി എല്ലാ വിഷയങ്ങൾക്കും പൂർണ്ണ മാർക്ക് വാങ്ങിയായിരുന്നു വിജയവഴികൾ. നാടിന്റെ ജനപ്രതിനിധി ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെ തന്നെ, തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമപ്രദേശത്തു നിന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം തേടിയെത്തിയതിന്റെ ആവേശത്തിലാണ് അയ്യമ്പുഴക്കാരും അങ്കമാലിക്കാരും. റോഷന്റെ അമലാപുരത്തെ വീട്ടിലേക്ക് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.
70 12 23 03 34
.jpg)


0 Comments