ഒരു ഗ്രാമമാകെ ഗജവീരന്‍മാരെ അന്നമൂട്ടി പ്രത്യക്ഷ ഗണപതിപൂജയില്‍ പങ്കാളികളായി. കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തിലെ ആനയൂട്ടിന്റെ ഭാഗമായാണ് എത്തിയ മുഴുവന്‍ ഭക്തരെക്കൊണ്ടും ആനകള്‍ക്ക് തീറ്റികൊടുപ്പിച്ച് സംഘാടകര്‍ പ്രത്യക്ഷ ഗണപതിപൂജയുടെ ഭാഗമാക്കി മാറ്റിയത്.
സ്ത്രീകളും കൊച്ചുകുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഗജവീരന്‍മാര്‍ക്ക് കൈതചക്കയും വെള്ളരിക്കയും ഏത്തപ്പഴവും ശര്‍ക്കരയും കരിമ്പും ഉള്‍പ്പെടെയുള്ളവ തുമ്പിക്കൈയിലും വായിലുമായി വച്ചുകൊടുത്തു. ഭക്തരില്‍ നിന്നും ലഭിച്ച മൃഷ്ടാന്നഭോജനം തുമ്പിയുയര്‍ത്തി തലയാട്ടി ഗജവീരന്‍മാര്‍ ആസ്വദിച്ച് കഴിച്ചു.
ചെറുവള്ളിക്കാവില്‍ രാവിലെ നടന്ന ആനയൂട്ടില്‍ പങ്കെടുത്തത് ഗജവീരന്‍മാരായ മുണ്ടയ്ക്കല്‍ ശിവനന്ദനന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, കിരണ്‍ നാരായണന്‍ കുട്ടി എന്നിവരാണ്. രാവിലെ ചെറുവള്ളിക്കാവിലെ ഇരട്ട ശ്രീകോവിലുകള്‍ക്ക് മുന്നില്‍ നിരന്ന ആനയെ മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പൂമാലയും പട്ടും ചാര്‍ത്തിയാണ് സ്വീകരിച്ചത്.
തുടര്‍ന്ന് ക്ഷേത്രത്തെ വലംവച്ച ആനകളെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ അണിനിരത്തി. 101 വയസ്സ് പിന്നിട്ട തന്ത്രി മുണ്ടക്കൊടി വിഷ്ണുനമ്പൂതിരി, മുണ്ടക്കൊടി ഹരികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യമഹാഗണപതി ഹോമവും പ്രത്യക്ഷ ഗണപതിപൂജയും നടത്തിയ ശേഷമായിരുന്നു ആനയൂട്ട്. ചോറും മരുന്നുകളും ചേര്‍ന്ന ഉരുളകള്‍ ആദ്യം തന്ത്രിമാരും മേല്‍ശാന്തിയും ചേര്‍ന്ന് മൂന്ന് ആനകള്‍ക്കും സമര്‍പ്പിച്ചു.
തുടര്‍ന്നായിരുന്നു എത്തിയ മുഴുവന്‍ ഭക്തരെക്കൊണ്ടും ആനകള്‍ക്ക് തീറ്റികൊടുപ്പിച്ചത്. മൂന്ന് ആനകളുടെയും പാപ്പാന്‍മാരെ പൊന്നാട അണിയിച്ചും മെമന്റോ സമര്‍പ്പിച്ചും ആദരിക്കുകയും ചെയ്തു. കലാപീഠം സുനില്‍ മാരാരും സംഘവും അവതരിപ്പിച്ച മേളവുമുണ്ടായിരുന്നു. പരിപാടികള്‍ക്ക് മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി, ജഗന്നിവാസ് പിടിക്കാപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.jpeg)
.jpeg)



0 Comments