പഴയകാല നാടക-സിനിമ നടന്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണന്‍കുളങ്ങരയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടത്തി.
ഒരു കാലത്ത് സിനിമയിലും നാടക രംഗത്തും നായകനായി നിറഞ്ഞുനിന്ന അഭിനേതാവായിരുന്നു വര്‍ഗീസ്. 1954-ല്‍ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമിയില്‍ നായകനായാണ് വര്‍ഗീസ് കാട്ടിപ്പറമ്പന്‍ നാടകരംഗത്തെത്തിയത്.
'സ്റ്റേജിലെ സത്യന്‍' എന്ന വിശേഷണത്തിലാണ് വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അറിയപ്പെട്ടിരുന്നത്. 1971-ല്‍ പുറത്തിറങ്ങിയ 'അനാഥശില്പങ്ങള്‍' എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുമംഗലി, ലക്ഷ്യം തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു.
കൈരളി തീയറ്റേഴ്‌സ്, പീപ്പിള്‍ തീയറ്റേഴ്‌സ്, വൈക്കം മാളവിക, അങ്കമാലി പൗര്‍ണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണല്‍, ചങ്ങനാശ്ശേരി ഗീഥ, കായംകുളം പീപ്പിള്‍സ് തുടങ്ങി കേരളത്തിലെ നാടകസംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
1977-ല്‍ നാടകരംഗത്തോടും വിടപറഞ്ഞു. ഇടയ്ക്ക് ശാപമോക്ഷം, വാരഫലം, ഇത്തിരി നേരം ഒത്തിരി കാര്യം എന്നീ സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. 'തലമുറകള്‍' എന്ന മെഗാ സീരിയലില്‍ ഡബിള്‍ റോളിലും അഭിനയിച്ചു.
ഭാര്യ: റോസമ്മ.
മക്കള്‍: പരേതനായ അലന്‍ റോസ്, അനിത റോസ്, ആര്‍ളിന്‍ റോസ്.
0 Comments