പാലാ - പൊന്‍കുന്നം അപകടപാത; ചോര ചീന്താത്ത ദിവസങ്ങളില്ല.




പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ - പൊന്‍കുന്നം റോഡ് അപകടപാതയായി മാറുന്നു. ഈ റൂട്ടില്‍ ചോര ചീന്താത്ത ദിവസങ്ങളില്ല എന്നുതന്നെ പറയാം.

കടയം ഭാഗത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു.

പൈക സ്വദേശികളായ കുടുംബാംഗങ്ങള്‍ ഡാല്‍വിന്‍ (45), നിജിത (38), ഡിയോണ (13), ഡിയ (11), ഡാലിന്‍ (4), കാര്‍ ഡ്രൈവര്‍ അനൂപ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആറുപേരെയും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ ഈ റൂട്ടില്‍ ചെറുതും വലുതുമായ 18 അപകടങ്ങളാണ് ഉണ്ടായത്. രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. മഴക്കാലത്ത് മിനുസമേറിയ റോഡില്‍ അമിതവേഗതയില്‍ വന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടതിലേറെയും.

വാഴേമഠം ഇറക്കം, കടയം, വിളക്കുമരുത്, പൂവരണി, പൈക, പച്ചാത്തോട്, എലിക്കുളം, മഞ്ചക്കുഴി, ഇളങ്ങുളം പ്രദേശങ്ങളിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്.

വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവും ചില ഭാഗങ്ങളില്‍ റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണവുമാണ് അപകടങ്ങള്‍ക്ക് പിന്നിലെ പ്രധാനകാരണങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വീതിയേറിയ റോഡില്‍ പലപ്പോഴും വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും തമ്മിലുള്ള മത്സരയോട്ടവും ഈ റൂട്ടില്‍ പതിവാണ്.




അപകടങ്ങള്‍ ഒഴിവാക്കാന്‍ പരിശോധന ശക്തമാക്കണം

പാലാ - പൊന്‍കുന്നം റൂട്ടിലെ വര്‍ദ്ധിച്ച അപകടങ്ങള്‍ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് - പൊലീസ് അധികാരികളുടെ പരിശോധന കര്‍ശനമാക്കണമെന്ന് പാലാ നഗരസഭാ തെക്കേക്കര വാര്‍ഡ് കൗണ്‍സിലരും പ്രതിപക്ഷ നേതാവുമായ പ്രൊഫ. സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് ചീഫ് എന്നിവര്‍ക്ക് ഉടന്‍ നിവേദനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments