ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി മീനച്ചില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലായി നാളെ അമ്പതോളം ശോഭായാത്രകളും ശോഭായാത്രകള്‍ സംഗമിച്ച് 13 സ്ഥലങ്ങളില്‍ ആഘാഷത്തോടുകൂടിയ മഹാശോഭായാത്രയും നടക്കും.
ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബാലഗോകുലം താലൂക്ക് കാര്യദര്‍ശി ടി.കെ. ശശീധരന്‍ തോടനാല്‍, സംയോജകന്‍ പ്രശാന്ത് കടപ്പാട്ടൂര്‍ എന്നിവര്‍ അറിയിച്ചു.
160 കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ വൃക്ഷപൂജ, ഗോപൂജ, നദീവന്ദനം എന്നിവ നടന്നു. 'അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും' എന്ന സന്ദേശമാണ് ഈ വര്‍ഷം ബാലഗോകുലം സമാജത്തിന് നല്‍കുന്നത്. ശ്രീകൃഷ്ണ സ്മരണകള്‍ ഉണര്‍ത്തി നാടെങ്ങും നടക്കുന്ന മഹാശോഭായാത്രകളില്‍ 5000 ഓളം കുട്ടികള്‍ ഉണ്ണിക്കണ്ണന്‍മാരും രാധാ-ഗോപികമാരുമായി ഗ്രാമ-നഗര വീഥികളില്‍ നിറയും. മഹാശോഭായാത്രകളില്‍ ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കും.ഗോപികാനൃത്തം, ഉറിയടി, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ശോഭായാത്രകള്‍ക്ക് മാറ്റ് കൂട്ടും.
പാലായില്‍ നടക്കുന്ന മഹാശോഭായാത്രയില്‍ പത്തോളം സ്ഥലത്ത് നിന്നുള്ള ശോഭായാത്രകള്‍ അണിചേരും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഇടയാറ്റ് ബാലഗണപതി ക്ഷേത്രം, പാറപ്പള്ളി ഗരുഡത്തുമന ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, 3:30ന് കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം, ചെത്തിമറ്റം പുതിയകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകളില്‍ മുരിക്കുംപുഴ, വെള്ളാപ്പാട് ദേവീ ക്ഷേത്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകളുംകൂടി സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി മുരിക്കുംപുഴ ഭഗവതി ക്ഷേത്രസന്നിധിയില്‍ സമാപിക്കും.
തുടര്‍ന്ന് ഉറിയടി, ഗോപികാനൃത്തം, പാല്‍പ്പായസം വിതരണം എന്നിവ നടക്കും. പാലായിലെ ആഘോഷങ്ങള്‍ക്ക് ഹരിശങ്കര്‍ നിലപ്പന, അരുണ്‍ എം.ടി., ആര്‍. അനന്തകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.




0 Comments