അധ്യാപക ദിനമായിരുന്ന ഇന്ന് നാടെങ്ങും ഗുരുപൂജ. മുന്‍കാല അധ്യാപകരെ ആദരിച്ചും ആശംസകള്‍ നേര്‍ന്നും പുതുതലമുറയും വിദ്യാര്‍ത്ഥി സമൂഹവും അധ്യാപക ദിനാചരണം ശ്രദ്ധേയമാക്കി.
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്ന് അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാസ്റ്റര്‍ സ്റ്റെവിന്‍ സാബു, മാസ്റ്റര്‍ ജെയിംസ് ടോണി എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ സാബു തോമസിന് പൂച്ചെണ്ട് നല്‍കി കുട്ടികള്‍ ആദരമര്‍പ്പിച്ചു.
തുടര്‍ന്ന് അധ്യാപകരും കുട്ടികളും ചേര്‍ന്ന്‌സ്‌കൂളിലെ മുന്‍ അധ്യാപകരായ വി.എ തോമസ് ഉഴുന്നാലില്‍, സാലിമ്മ ജോസഫ് എന്നിവരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ പൂച്ചെണ്ടും പൊന്നാടയും അണിയിച്ചു. അധ്യാപകനായതില്‍ അഭിമാനിക്കുന്നുവെന് ഇരുവരും കുട്ടികളോട് പറഞ്ഞു. ഹെഡ്മാസ്റ്റര്‍ സാബു തോമസ്, ദിനേശ് സെബാസ്റ്റ്യന്‍, എബി ജോര്‍ജ്, മെല്ലജോസഫ്, ആശിശ് ഡി. മരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചേന്നാട് നിര്‍മ്മല എല്‍ പി സ്‌കൂളിലെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് മുന്‍ അധ്യാപകനായിരുന്ന കെ കെ ഭാസ്‌കരന്‍ നായര്‍ വടക്കേവീട്ടിലിനെ ആദരിച്ചു. വിദ്യാര്‍ത്ഥികളെ പ്രബുദ്ധമാക്കുന്ന ഒരു തത്വചിന്തകനാണ് അധ്യാപകനെന്നും അച്ഛനമ്മമാരെ കൂടാതെ കുട്ടികള്‍ പരമാവധി സമയം ചെലവഴിക്കുന്നത് അധ്യാപകരുടെ അടുത്ത് ആണെന്നും ഗുരുവിനെ ദൈവതുല്യം കാണണമെന്നുമുള്ള സന്ദേശം അദ്ദേഹം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിത. വി. നായര്‍, എസ്.ആര്‍ ജി കണ്‍വീനര്‍ രാജേഷ് ആര്‍, അശ്വതി, എസ്, രഞ്ജുഷ സി ആര്‍, ശരത്ത്, മോളി വക്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അധ്യാപക ദിനത്തില്‍ രക്തം ദാനം ചെയ്ത് അധ്യാപകര്‍. രക്തം നല്കു ജീവന്‍ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയര്‍ത്തിരക്തം ദാനം ചെയ്തും സ്‌നേഹ പൊതി ചോറ് നല്കിയും വേറിട്ട അധ്യാപകദിനം ആഘോഷിച്ച് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍. അധ്യാപകദിനത്തില്‍ സഹജീവികളോടുള്ള കാരുണ്യവും സ്‌നേഹവും പ്രകടിപ്പിച്ച് അധ്യാപകര്‍ പാലാമെഡിസ്റ്റിയില്‍ രക്തദാനം നല്കിയത് കൂടാതെ മണിയംകുളം രക്ഷാ ഭവനത്തിലെ സഹോദരങ്ങള്‍ക്ക് സ്‌നേഹ പൊതികള്‍ നല്കി. പാരിഷ് ഹാളില്‍ നടന്ന പൊതുസമ്മേളനം സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സാബു മാത്യു, ഫാ. തോമസ് കട്ടിപ്പറമ്പില്‍, പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍മാരായ വി.വി ഫിലിപ്പ്, പോള്‍ തോമസ്, വാര്‍ഡ് മെബറും മുന്‍ ഹെഡ്മാസ്റ്ററുമായ രമേശ് ഇലവുങ്കല്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഗുരു വന്ദനം എന്ന പരിപാടിയും നടത്തി.
രാമപുരം വിദ്യാഭ്യാസ ഉപജില്ല അധ്യാപകദിനാഘോഷം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ കാലഘട്ടങ്ങളിലെ വിവിധ തലമുറകളിലെ അധ്യാപക വിദ്യാര്‍ത്ഥി സവിശേഷതകളും ബന്ധങ്ങളും വളരെ സരസമായി സിറിയക് തോമസ് അവതരിപ്പിച്ചത് സദസ്സില്‍ ചിരി പടര്‍ത്തി. രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മേരിക്കുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എ ഇ ഒ മാരായ പി രവി ,രമാദേവി എന്‍, ജോസഫ് കെ കെ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. രാമപുരം എസ് എസ് കെ, ബി പി സി രതീഷ് ജെ ബാബു, ബിനോയി സെബാസ്റ്റ്യന്‍, ഫോറം ജോയിന്റ് സെക്രട്ടറി മിനി മോള്‍ എന്‍ ആര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അകാലത്തില്‍ അന്തരിച്ച അരീക്കര ശ്രീനാരായണ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനു കെ എസ് അനുസ്മരണവും നടന്നു.ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി രാജേഷ് എന്‍ വൈ സ്വാഗതം ആശംസിച്ചു. ബെന്നി സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.
ഈരാറ്റുപേട്ട ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും സംയുക്തമായി അധ്യാപക ദിനം ആചരിച്ചു. നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. എസ്. എം. ഡി. സി ചെയര്‍മാന്‍ വി. എം.അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു. സുമന്‍ സുന്ദര്‍ രാജ് അധ്യാപക ദിന സന്ദേശം നല്‍കി. കൗണ്‍സിലര്‍ അനസ് പാറയില്‍, അഗസ്റ്റിന്‍ സേവ്യര്‍, മുഹമ്മദ് യാസീന്‍, മുഹമ്മദ് റസല്‍ എന്നിവര്‍ പ്രസംഗിച്ചു.






0 Comments