മീനച്ചിലിന്റെ ദാഹമകറ്റാന്‍ എന്നും കുടിനീര്‍ എത്തും; മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21 ന് തുടക്കം. 1243 കോടിയുടെ പദ്ധതിയിലൂടെ 13 പഞ്ചായത്തുകളിലായി 42230 വീടുകള്‍ക്ക് കുടിവെള്ളം.




മീനച്ചില്‍  താലൂക്കിന്റെ ദാഹമകറ്റാന്‍ 1243 കോടിയുടെ മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21 ന് തുടക്കമിടും.


2012-ല്‍ ഏതാനും പഞ്ചായത്ത് മേഖലയ്ക്കായി ഭരണാനുമതി നല്‍കിയിരുന്ന പദ്ധതിക്കാണ് നീണ്ട കാത്തിരിപ്പിനു ശേഷം കേന്ദ്ര ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടിയായത്.

കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തില്‍ നീലൂരില്‍ പദ്ധതി ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കിയതും ജലസംഭരണിക്കായി ഭൂമി ഏറ്റെടുത്തതും. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ വിപുലീകരിച്ച് മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി  13 പഞ്ചായത്തുകള്‍ക്കായിട്ടാണ് പദ്ധതി  നടപ്പാക്കുന്നത്. 



നീലൂരില്‍ ശുദ്ധീകരണ പ്ലാന്റിനായി നേരത്തെ ഭൂമി ഏറ്റെടുത്ത് ഉറപ്പു വരുത്തിയത് വളരെ സഹായകരമായി. 42230 കുടുബങ്ങള്‍ക്കായി ശുദ്ധീകരിച്ച കുടിവെള്ളം തടസ്സരഹിതമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം പ്രാദേശിക കൂടി വെള്ള പദ്ധതികള്‍ക്കും ജല ലഭ്യത ഉറപ്പു വരുത്താം.

ജലവിതരണ ശൃംഖലയ്ക്കായി 2085 കിലോമീറ്റര്‍ പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക. 154 ജലസംഭരണികളും ഇതിനായി സ്ഥാപിക്കും.

കടനാട്, രാമപുരം, ഭരണങ്ങാനം, മീനച്ചില്‍, തലപ്പുലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ എന്നീ പഞ്ചായത്തുകള്‍ക്കാണ് ജലജീവന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനുകര്‍ ഇല്ലാത്ത എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ മുഖേന ശുദ്ധജലം എത്തും.



മാത്തപ്പറയില്‍ ഫ്‌ളോട്ടിംഗ് പമ്പ് ഹൗസ്

ഇടുക്കി ജില്ലയിലെ മലങ്കര ഡാം റിസര്‍വോയറില്‍ നിന്നും മുട്ടം വില്ലേജിലെ മാത്തപ്പാറയില്‍ ഫ്‌ളോട്ടിംഗ് പമ്പ് ഹൗസ് നിര്‍മ്മിച്ചാണ് പദ്ധതിക്കാവശ്യമായ റോ വാട്ടര്‍ ശേഖരിക്കുന്നത്. മുട്ടം വില്ലേജില്‍ വള്ളിപ്പാറയ്ക്കു സമീപം ഒരു ബൂസ്റ്റിംഗ് സ്റ്റേഷന്‍ നിര്‍മ്മിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂര്‍സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 45 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണ ശാലയില്‍ എത്തിക്കും. ഇവിടെ നിന്നും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപറമ്പിന് സമീപം 25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണിയിലേക്ക് എത്തും. ഇവിടെ നിന്നുമാണ് പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേകര, കൂട്ടിക്കല്‍, തലനാട്, തിടനാട്, തീക്കോയി പഞ്ചായത്തുകള്‍ക്ക് ജലം ലഭ്യമാകുക.

നീലൂര്‍ ശുദ്ധീകരണശാലയില്‍ നിന്നും കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം പഞ്ചായത്തുകളിലും ജലം എത്തും.



ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു

പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജലവിതരണ ശൃംഖലയ്ക്കായുള്ള പൈപ്പുകളും വിവിധ പഞ്ചായത്തുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
മുന്‍ ധനകാര്യ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത് ഭരണാനുമതിയും നല്‍കിയ പദ്ധതി ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് കൂടി നടപ്പാക്കുക വഴി വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മീനച്ചിലിന്റെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് തടസ്സരഹിതമായി കൂടിനീര്‍ എത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. മലങ്കര ഡാം റിസര്‍വോയറില്‍ എന്നും ജല ലഭ്യത ഉറപ്പായതിനാല്‍ പദ്ധതിയില്‍ നിന്നും മുടക്കമില്ലാതെ ജലം ഉറപ്പുവരുത്താം. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ജല ശുദ്ധീകരണ പ്രക്രിയയാണ് ഇവിടെ നടപ്പാക്കുക. കംമ്പ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ ജല വിതരണം കുറ്റമറ്റതാക്കുക എന്നതും ലക്ഷ്യമിടുന്നു. 21 ന് പാലായില്‍ നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും കക്ഷി നേതാക്കളും പങ്കെടുക്കും. മന്ത്രി വി.എന്‍.വാസവന്‍ അദ്ധ്യക്ഷത വഹിക്കും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments