പാലാ നഗരസഭയുടെ ഒന്‍പതാം വാര്‍ഡില്‍ മൂന്നാനിയില്‍ ഓട്ടോമൊബൈല്‍ സര്‍വീസ് സ്റ്റേഷന് നഗരസഭ അനുമതി നല്‍കിയത് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയെന്ന് ആക്ഷേപം.





പാലാ നഗരസഭയുടെ ഒന്‍പതാം വാര്‍ഡില്‍ മൂന്നാനിയില്‍ ഓട്ടോമൊബൈല്‍ സര്‍വീസ് സ്റ്റേഷന് നഗരസഭ അനുമതി നല്‍കിയത് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയെന്ന് ആക്ഷേപം. വെള്ളപ്പൊക്ക സമയത്ത് ആദ്യം റോഡില്‍ വെള്ളംകയറുന്ന മൂന്നാനി ഭാഗത്തുതന്നെ ഓട്ടോമൊബൈല്‍ സര്‍വീസ് സ്റ്റേഷന് അനുമതി നല്‍കിയത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് മൂന്നാനി നിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.


ഗ്രൂപ്പ് ജി-2 പ്രകാരം വ്യാവസായിക കെട്ടിട നിര്‍മ്മാണ അനുമതിക്ക് ഹാജരാക്കിയ പ്ലാനില്‍ ഉപയോഗിക്കുന്ന മോട്ടോറിന്റെ കുതിരശക്തി, തൊഴിലാളികളുടെ എണ്ണം, ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, മാലിന്യത്തിന്റെ വിശദാംശങ്ങള്‍, മാലിന്യസംസ്‌കരണ സംവിധാനം എന്നിവ വ്യക്തമാക്കിയിരുന്നില്ലെന്നും ഇത് പരിഗണിക്കാതെയാണ് നിര്‍മ്മാണാനുമതി നല്കിയതെന്നും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓട്ടോമൊബൈല്‍ സര്‍വ്വീസ് സെന്റര്‍ എന്ന നിലയില്‍ വാഹനങ്ങള്‍ കഴുകുമ്പോഴുണ്ടാകുന്ന മലിനജലത്തില്‍ ഓയില്‍, ഗ്രീസ്, ഇന്ധനങ്ങള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. ഇത് പരിഗണിക്കാതെയാണ് നിര്‍മ്മാണാനുമതി നല്‍കിയത് എന്നാണാരോപണം. സൈറ്റ് പ്ലാനിന്‍, കെട്ടിടനിര്‍മ്മാണം നടത്തുന്ന പ്ലോട്ടിന്റെ അതിര്‍ത്തികള്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയിലുണ്ട്. 




പാലാ മാസ്റ്റര്‍പ്ലാന്‍ പ്രകാരം നിര്‍മ്മാണം നടക്കുന്ന സ്ഥലം ഗാര്‍ഹിക മേഖലയാണെന്നും ഇവിടം വെള്ളപ്പൊക്ക പ്രദേശമാണെന്നും 2018 ല്‍ ഇവിടെ പത്തടിയോളം വെള്ളമുയര്‍ന്ന സ്ഥലമാണെന്നും ഇതുസംബന്ധിച്ച് റവന്യു ഡിപ്പാര്‍ട്ടുമെന്റ് ഇവിടെ മുന്നറിയിപ്പ് സൂചിക സ്ഥാപിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കിഴതടിയൂര്‍, തൃക്കയില്‍ മഹാദേവക്ഷേത്ര കടവ്, കന്യാസ്ത്രിമാരുടെ ക്രിസ്തുജ്യോതി ധ്യാനകേന്ദ്രം, കൗണ്‍സിലിംഗ് സെന്റര്‍ ഇവയെല്ലാം ഈ സ്ഥാപനത്തിന് സമീപത്താണ്. നിരവധി കുടിവെള്ള കിണറുകളും സമീപത്തുണ്ട്. ഇവയെല്ലാം മലിനമാകും. ഇങ്ങനെ അനധികൃതമായി സര്‍വ്വീസ് സെന്ററിന് ലൈസന്‍സ് കൊടുക്കാന്‍ പാലാ മുനിസിപ്പല്‍ സെക്രട്ടറി തന്നെ മുന്‍കൈ എടുക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞദിവസം കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ അനധികൃത സര്‍വ്വീസ് സ്റ്റേഷനെതിരെ സമരവും ആരംഭിച്ചിരുന്നു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments