എന്നെന്നും ഒപ്പമുണ്ട്... സുരേഷ് ബിജുവിന്റെ ഹൃദയത്തിലുണ്ട്....




സുനില്‍ പാലാ

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ തകര്‍പ്പന്‍ വിജയത്തില്‍ മതിമറന്നാഹ്ലാദിക്കുന്നൊരു കുടുംബവും ഗൃഹനാഥനുമുണ്ട് ഇങ്ങ് പാലായില്‍. തെക്കേക്കരയിലെ പുളിക്കക്കണ്ടം കുടുംബവും ഗൃഹനാഥന്‍ ബിജു പുളിക്കക്കണ്ടവും. സുരേഷ് ഗോപി എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ഒരു നിഴല്‍പോലെ ബിജു പുളിക്കക്കണ്ടമുണ്ട്. ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല. മുപ്പത് വര്‍ഷം മുമ്പാരംഭിച്ച സുദൃഢമായ ബന്ധം.


കഴിഞ്ഞ മൂന്ന് മാസമായി ബിജു സുരേഷ് ഗോപിക്കൊപ്പം തൃശ്ശൂരിലായിരുന്നു. അവിടുത്തെ പദയാത്ര, എസ്ജി കോഫി ടൈം ഷോ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുവരെ സുരേഷ് ഗോപിയുടെ വ്യക്തിപരമായ കാര്യങ്ങളെല്ലാം നോക്കി നടത്തിയത് ബിജു പുളിക്കക്കണ്ടമാണ്. 



മുപ്പത് വര്‍ഷം മുമ്പ് പാലായില്‍ ഷൂട്ടിംഗിനെത്തിയ സുരേഷ് ഗോപി സുഹൃത്ത് രണ്‍ജി പണിക്കരുടെ നിര്‍ദ്ദേശപ്രകാരം പണിക്കരുടെ ബന്ധുകൂടിയായ പുളിക്കക്കണ്ടം ബിജുവിന്റെ വസതിയിലാണ് താമസിച്ചത്. അന്ന് തുടങ്ങിയ ആത്മബന്ധം മുപ്പത് വര്‍ഷം പിന്നിട്ടും മുന്നോട്ട് പോവുകയാണ്.

പാലാ കുരിശുപള്ളി മാതാവും അരുവിത്തുറ പുണ്യാളനും കടപ്പാട്ടൂര്‍ മഹാദേവനും ഏറ്റുമാനൂരപ്പനുമൊക്കെ സുരേഷ് ഗോപിയുടെ ഭക്തിവഴികളിലെ സജീവസാന്നിധ്യമാണ്. ഇതിനെല്ലാം ആദ്യം വഴിതെളിച്ചത് ബിജു പുളിക്കക്കണ്ടവുമായിട്ടുള്ള അടുപ്പമാണ്.

പാലായിലെ പുളിക്കക്കണ്ടം വീട് സുരേഷ് ഗോപിക്ക് സ്വന്തം വീടുപോലെയാണ്. വീട്ടിലേക്ക് വന്നാല്‍ നേരെ അടുക്കളയിലേക്ക്. ബിജുവിന്റെ അമ്മയെക്കൊണ്ടും ഭാര്യയെക്കൊണ്ടുമൊക്കെ ഇഷ്ടഭക്ഷണം ഉണ്ടാക്കിച്ച് കഴിക്കുന്നത് സുരേഷ് ഗോപിയുടെ പതിവാണ്. രണ്ട് കുടുംബവും അങ്ങോട്ടുമിങ്ങോട്ടും എല്ലാ കാര്യത്തിലും സ്നേഹസൗഹൃദങ്ങള്‍ പുതുക്കിയാണ് മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സുരേഷ് ഗോപിയുടെ മാധ്യമ ഇന്റര്‍വ്യൂകള്‍ പോലും ഏര്‍പ്പാടാക്കി കൊടുക്കുന്നത് ബിജു പുളിക്കക്കണ്ടമാണ്. സുരേഷ് ഗോപിയെ ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമായും ആശ്രയിക്കുന്നതും ബിജുവിനെ തന്നെ. 




ഈ സാഹോദര്യം ഈശ്വരനിയോഗം - ബിജു പുളിക്കക്കണ്ടം

''ഞാനും സുരേഷേട്ടനുമായിട്ടുള്ള ആത്മബന്ധം ഈശ്വരനിയോഗമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഞങ്ങള്‍ തമ്മില്‍ പങ്കുവയ്ക്കാത്ത ഒരു രഹസ്യങ്ങളുമില്ല. എന്റെ സ്വന്തം ചേട്ടന്റെ സ്ഥാനത്താണ് സുരേഷേട്ടന്‍'' ബിജു പുളിക്കക്കണ്ടം പറഞ്ഞു.

സുരേഷ് ഗോപിയോടൊപ്പം ഇന്നലെയും തൃശ്ശൂരിലായിരുന്ന ബിജു ഇന്ന് തൃശ്ശൂരില്‍ നടക്കുന്ന സ്വീകരണ പരിപാടികള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്ന തിരക്കിലാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments