ഹോട്ടൽമുറിയിൽ നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗംചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. കേസിൽ പ്രതികളായ ഘനശ്യാം റാത്തോഡ്(27), ഋഷികേ് ചവാൻ(25), കിരൺ റാത്തോഡ്(25) എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തു.
നഗരത്തിൽ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഹോട്ടലിൽ സുഹൃത്തിനെ കാണാനെത്തിയ യുവതിയെയാണ് മൂന്നുപേർ കൂട്ടബലാത്സംഗംചെയ്തത്.
ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പ്രതികളായ മൂവരും മദ്യപിക്കാനായാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇതിനിടെയാണ് രാത്രി 11 മണിയോടെ യുവതി സുഹൃത്തിനെ കാണാനായി ഹോട്ടലിലെത്തിയത്. യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്നത് 205-ാം നമ്പർ മുറിയിലായിരുന്നു. എന്നാൽ, റൂം നമ്പർ മാറിപ്പോയ യുവതി പ്രതികൾ കഴിഞ്ഞിരുന്ന 105-ാം നമ്പർ മുറിയിലാണ് എത്തിയത്.
വാതിലിൽ മുട്ടിയതോടെ പ്രതികൾ വാതിൽ തുറന്നു. എന്നാൽ, മുറിയിൽ മദ്യപിക്കുന്നത് കണ്ട യുവതി തന്റെ സുഹൃത്തിന്റെ പേരെടുത്ത് വിളിച്ചു. അദ്ദേഹം ഇവിടെയുണ്ടോ എന്നും തിരക്കി. എന്നാൽ, അങ്ങനെയൊരാൾ ഇവിടെയില്ലെന്നായിരുന്നു പ്രതികളുടെ മറുപടി. തുടർന്ന് ക്ഷമാപണം നടത്തി മടങ്ങുന്നതിനിടെയാണ് പ്രതികളിലൊരാൾ യുവതിയെ കയറിപ്പിടിച്ചത്. പിന്നാലെ ബലംപ്രയോഗിച്ച് മുറിക്കുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി.
മുറി പൂട്ടിയിട്ടശേഷം മൂവരും ചേർന്ന് യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും മാറിമാറി ബലാത്സംഗംചെയ്യുകയുമായിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് യുവതിക്ക് മുറിയിൽനിന്ന് പുറത്തുകടക്കാനായത്. ഉടൻതന്നെ യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.




0 Comments