പാട്ടത്തിപ്പറമ്പ്-പിഴക് റോഡിന്റെ അവസ്ഥ ദയനീയം... പഞ്ചായത്ത് ഭരണസമിതി ഇതൊന്നും കാണുന്നില്ലേ...?


സുനില്‍ പാലാ

കടനാട് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞാലും കേള്‍ക്കില്ല... നാട്ടുകാര്‍ പറഞ്ഞാലും നോ മൈന്‍ഡ്. കടനാട് പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ അലംഭാവം ഒന്നുകൊണ്ട് മാത്രം പൊട്ടിത്തകര്‍ന്ന് കിടക്കുകയാണ് പാട്ടത്തിപ്പറമ്പ് - പിഴക് റോഡ്. 
 
ഒടുവില്‍ സഹികെട്ട നാട്ടുകാര്‍ ഇന്നലെ കൈക്കാശെടുത്ത് പഞ്ചായത്ത് മെമ്പര്‍ റീത്താമ്മ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ റോഡിലെ ''കുളങ്ങളില്‍'' പാറമക്കിട്ട് നികത്തി. എട്ട് ലോഡ് മക്ക് ഇട്ടിട്ടും കുഴികുള്‍ മുഴുവന്‍ നികത്താന്‍ കഴിഞ്ഞില്ല എന്നറിയുമ്പോഴാണ് ഈ റോഡിന്റെ ശോച്യാവസ്ഥ എത്ര ഭീകരമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. 
 
 


കടനാട് പഞ്ചായത്തിലെ പിഴക്, മാനത്തൂര്‍ വാര്‍ഡുകളെ അതിരിട്ട് പോകുന്ന ഈ റോഡിന്റെ അവസ്ഥ പരമ ദയനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഒരു ഓട്ടോറിക്ഷാ പോലും വിളിച്ചാല്‍ വരില്ല. കാല്‍നടയാത്ര ഒരുതരത്തിലും നടക്കാത്ത അവസ്ഥ. അത്രയ്ക്കുണ്ട് റോഡിലെ തകര്‍ച്ച. 


മാനത്തൂര്‍ പള്ളി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് പാട്ടത്തിപ്പറമ്പ് - ഇളമ്പ്രക്കോടം വഴി വല്യാത്ത് കാവുംകണ്ടം റോഡില്‍ എത്തിച്ചേരുന്ന റോഡിന്റെ പാട്ടത്തിപ്പറമ്പ് വരെയുള്ള ഭാഗമാണ് ആകെ തകര്‍ന്ന് കിടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ കൂടി വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ റോഡിനാണീ അവഗണന. പിന്നെന്ത് ഭരണമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.


മാണി സി. കാപ്പന്‍ 10 ലക്ഷം അനുവദിച്ചു പക്ഷേ...


ആകെ തകര്‍ന്ന റോഡിനെപ്പറ്റി പഞ്ചായത്ത് മെമ്പര്‍ റീത്താമ്മ ജോര്‍ജ്ജും നാട്ടുകാരും ചേര്‍ന്ന് നിവേദനം നല്‍കിയതിന്റെ ഫലമായി മാണി സി. കാപ്പന്‍ എം.എല്‍.എ. ഈ റോഡിന് പത്ത് ലക്ഷം രൂപാ അനുവദിച്ചു. ടെണ്ടറുമായതാണ്. ഇതിനിടെക്കാണ് ജല്‍ജീവന്‍ മിഷന്‍ പൈപ്പിടുന്നതിനായി റോഡിന്റെ നടുവില്‍ വരെ കുഴികുത്തിയത്. ഇതോടെ ടാറിംഗ് അപ്രത്യക്ഷമായി. 
 

 
ടാറിംഗ് ഇല്ലാത്ത റോഡില്‍ റീടാറിംഗ് നടത്തിയാല്‍ പോക്കറ്റ് കാലിയാകുമെന്ന് കണ്ടതോടെ കരാറുകാരനും പിന്‍വലിയുകയായിരുന്നു. മുമ്പൊരു വേളയിലും ഈ റോഡ് നന്നാക്കാന്‍ തുക അനുവദിച്ചെങ്കിലും ഇന്നത്തെ ഭരണസമിതിയിലുള്ള ഒരാള്‍ രാഷ്ട്രീയ വിരോധം മൂലം അതും വെട്ടിക്കളഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments