വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനൊരുങ്ങി ഭരണങ്ങാനം... പാലാ രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക്


സുനില്‍ പാലാ

ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം ഒരുങ്ങുന്നു. 
 
ജൂലൈ 19 മുതല്‍ 28 വരെയാണ് തിരുനാള്‍. തിരുനാളിനോടനുബന്ധിച്ച് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടവും തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും. 
 


സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദ്ദിനാള്‍മാരായ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, മാര്‍ജോര്‍ജ് ആലഞ്ചേരി എന്നിവരും വിവിധ രൂപതകളിലെ 11 ബിഷപ്പുമാരും തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ 28 നാണ്.

19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15ന് ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ജപമാല-മെഴുകുതിരി പ്രദക്ഷിണവുമുണ്ട്. 19ന് രാവിലെ 11.15ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 19 മുതല്‍ 27 വരെ എല്ലാ ദിവസവും പുലര്‍ച്ചെ 5.30, 6.45, 8.30, 10, 11.30, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം നാല്, അഞ്ച്, രാത്രി ഏഴിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ ഓരോ മണിക്കൂറിലും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.
 

24ന് രാവിലെ 11.30ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 27നു വൈകുന്നേരം 6.30ന് അല്‍ഫോന്‍സാമ്മയുടെ മഠത്തിലേക്ക് ജപമാല പ്രദക്ഷിണം.

പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 6.45ന് നെയ്യപ്പ നേര്‍ച്ച വെഞ്ചരിപ്പും തുടര്‍ന്ന് നേര്‍ച്ച വിതരണവും ആരംഭിക്കും. കബറിടത്തിങ്കലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും നേര്‍ച്ചയപ്പം നല്‍കും. രാവിലെ 10.30ന് ഇടവക പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുര്‍ന്ന് 12.30ന് തിരുനാള്‍ പ്രദക്ഷിണം. ജൂലൈ 16 മുതല്‍ വിവിധ ഇടവകകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിലുള്ള തീര്‍ഥാടനങ്ങള്‍ ആരംഭിക്കും.
 


തീര്‍ഥാടന ദേവാലയത്തിന്റെ നവീകരണവും മോടിപിടിപ്പിക്കലും അവസാന ഘട്ടത്തിലാണ്. തിരുനാളിനോടനുബന്ധിച്ച് തീര്‍ഥാടന കേന്ദ്രം വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. തിരുനാള്‍ ദിവസങ്ങളില്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് തീര്‍ഥാടന കേന്ദ്രം റെക്്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലും സെന്റ് മേരീസ് ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ടും പറഞ്ഞു.


പാലാ രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക്

പാലാ: 75 വര്‍ഷം പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന പാലാ രൂപതയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷത്തിന് ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് തുടക്കമാകും. 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് സീറോ മലബര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തീര്‍ഥാടന കേന്ദ്രത്തില്‍  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. 
 

 
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം രൂപതയിലെ മുഴുവന്‍ വൈദികരും വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരാകും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments