രണ്ടാഴ്ച പിന്നിട്ടിട്ടും കടപുഴകിയ മരം നീക്കിയില്ല... ഒഴുക്കിന് തടി വിലങ്ങുതടി...



സുനില്‍ പാലാ



ഈ തടി ഇങ്ങനെ വെള്ളത്തില്‍ കിടന്ന് നശിക്കണോ, അതോ കനത്ത മഴയില്‍ വെള്ളം ഇവിടെ തങ്ങിനിന്ന് ചിറയായി റോഡില്‍ കയറണോ. എന്തായാലും ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് മീനച്ചില്‍ പഞ്ചായത്ത് അധികാരികള്‍ക്കുണ്ടോ? ഇല്ലെന്നാണ് മറുപടിയെങ്കില്‍ നാലാം വാര്‍ഡിലെ പൊന്നൊഴുകുംതോട്ടില്‍ കരോട്ടുകടവ് പാലത്തിന് സമീപം തോട്ടിലേക്ക് വീണ കൂറ്റന്‍മരം വെട്ടിമാറ്റിയേ പറ്റൂ. ഇനിയും ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചുകൂടാ.  
 


രണ്ടുമൂന്നാഴ്ച മുമ്പാണ് കനത്തമഴയില്‍ പൊന്നൊഴുകുംതോട്ടിന്‍ കരയില്‍ പുറമ്പോക്കില്‍ നിന്ന കൂറ്റന്‍ പാഴുമരം കടപുഴകി കെ.എസ്.ഇ.ബി.യുടെ 11 കെ.വി. ലൈനിലേക്ക് വീണത്. രാത്രിയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഉടന്‍തന്നെ കെ.എസ്.ഇ.ബി. ജീവനക്കാരും പാലാ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടി സഹായത്തോടെ 11 കെ.വി. ലൈനില്‍ നിന്ന് മരം മുറിച്ചുമാറ്റി. 
 

 
പ്രധാന ഭാഗങ്ങളെല്ലാം പക്ഷേ തോട്ടില്‍ പതിച്ചു. കരോട്ടുകടവ് പാലത്തിന് തൊട്ടുതാഴെ ചിറപോലെ ഈ മരവും ചില്ലകളും കിടക്കുകയാണ്. കനത്ത മഴയില്‍ തോട്ടിലൂടെ വെള്ളം കുതിച്ചെത്തുമ്പോള്‍ ഒരു ചിറപോലെ മരവും ശിഖരങ്ങളും തങ്ങിനിന്ന് വെള്ളം പൂവത്തോട് റോഡില്‍ കയറാനുള്ള സാധ്യതയുമുണ്ട്. പൂവത്തോട് പള്ളി റോഡില്‍ ഇത് ഗതാഗത തടസ്സത്തിനും ഇടയാക്കിയേക്കാം.

മരം വീണ് നാളുകളായിട്ടും പഞ്ചായത്ത് അധികൃതര്‍ ഇത് വെട്ടി മാറ്റാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് മുന്‍ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ആക്ഷേപിക്കുന്നത്.



വെള്ളം അല്പം താഴ്ന്നാല്‍ മരം ഉടന്‍ നീക്കും - പഞ്ചായത്ത് മെമ്പര്‍


തോട്ടില്‍ നല്ല വെള്ളമുള്ളതുകൊണ്ടാണ് മരം മാറ്റാന്‍ വൈകുന്നത്. ക്രെയിന്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇത് മാറ്റാന്‍ കഴിയൂ. ഈ മാസം അഞ്ചാം തീയതി ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ അജണ്ടയില്‍ വച്ചുതന്നെ ഈ പാഴ്മരം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. തോട്ടിലെ വെള്ളം താഴ്ന്നാലുടന്‍ ക്രെയിന്‍ കൊണ്ടുവന്ന് മരം നീക്കും.

- ലിസമ്മ ഷാജന്‍, പഞ്ചായത്ത് മെമ്പര്‍





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments