പ്രകൃതിക്ഷോഭത്തിൽ കെ.എസ്.ഇ.ബി ക്ക് കനത്ത നഷ്ടം ....... പാലാ ഡിവിഷനിൽ മാത്രം അരക്കോടിയിൽപ്പരം രൂപയുടെ നഷ്ടം.... ജീവനക്കാരുടെ കുറവ് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ
സ്വന്തം ലേഖകൻ
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയും ഇടയ്ക്കിടെ ഉണ്ടായ ചുഴലിക്കാറ്റും സൃഷ്ടിച്ച പ്രകൃതിക്ഷോഭത്തിൽ കെ.എസ്.ഇ.ബി യുടെ പാലാ ഡിവിഷനിൽ മാത്രം 53 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ 4-5 ദിവസങ്ങൾ കൊണ്ടാണ് ഇത്രയധികം നാശനഷ്ടങ്ങൾ ഉണ്ടായത്.
റബ്ബർമരങ്ങളും മറ്റു വൃക്ഷങ്ങളും പിഴുതുവീണും, മരക്കൊമ്പുകൾ ഒടിഞ്ഞുവീണും ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ചെയ്തതുവഴിയാണ് ഏറ്റവുമധികം നഷ്ടങ്ങളുണ്ടായത്. ഇതുവഴി വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലാകുകയുണ്ടായി. പലയിടങ്ങളിലും സമയബന്ധിതമായി തകരാറുകൾ പരിഹരിച്ച് വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിയാതിരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
രാമപുരം, കൊല്ലപ്പള്ളി, ഭരണങ്ങാനം, പാലാ, മരങ്ങാട്ടുപ്പിള്ളി, കിടങ്ങൂർ എന്നീ സെക്ഷനുകളുടെ പരിധിയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്.
11 കെവി ലൈനുകളും എൽ.ടി ലൈനുകളും കടന്നുപോകുന്ന 213-ഓളം വൈദ്യുത തൂണുകൾ ഒടിഞ്ഞതായാണ് പ്രാഥമിക കണക്ക്. 617 ഇടങ്ങളിൽ വൈദ്യുത കമ്പികൾ പൊട്ടിവീഴുകയുണ്ടായി. 467 ട്രാൻസ്ഫോർമറുകളുടെ വിതരണ ഏരിയായിൽ തടസ്സം നേരിട്ടു. അതിൽ 4 ട്രാൻസ്ഫോർമർ പൂർണ്ണമായും തകരാറിലാകുകയും ചെയ്തു.
രാത്രി വളരെ വൈകിയും വൈദ്യുതി പുന:സ്ഥാപന ജോലികൾ പൂർത്തീകരിക്കുന്ന കഠിനപ്രയത്നത്തിലാണ് ജീവനക്കാർ. പക്ഷേ, ജീവനക്കാരുടെ കുറവും കനത്ത മഴയും പുന:സ്ഥാപന ജോലികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
എന്നിരുന്നാലും, പ്രകൃതിക്ഷോഭം മൂലം വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്കുണ്ടായ തകരാറുകൾ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. പാലാ ഡിവിഷനു കീഴിലുള്ള ജീവനക്കാരും കോൺട്രാക്ട് തൊഴിലാളികളെയും കൂടാതെ, മറ്റു ഡിവിഷനുകളിൽ നിന്നും സർക്കിളുകളിൽ നിന്നും കൂടുതലായി തൊഴിലാളികളെ എത്തിച്ചാണ് പുന:സ്ഥാപന ജോലികൾ വേഗത്തിലാക്കിയിട്ടുള്ളത്.
ആദ്യം 11 കെവി ലൈനുകളുടെയും തുടർന്ന് എൽ.ടി ലൈനുകളുടെയും തകരാറുകളും, തുടർന്ന് സിംഗിൾ കംപ്ലയിന്റ് ഉൾപ്പടെയുള്ള മറ്റ് തകരാറുകളും പരിഹരിച്ച് വരുന്ന രീതിയാണ് പിൻതുടരുന്നത്.
എന്നാൽ പോലും, അസാധാരണമാം വിധം ഉണ്ടായ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി യുടെ ഓഫീസുകളുടെ അറിവിലോ ശ്രദ്ധയിലോ ഇപ്പോഴും വരാതെ, വൈദ്യുതി പ്രതിഷ്ഠാപനങ്ങൾ അപകടകരമായ രീതിയിൽ എവിടെയെങ്കിലും കാണപ്പെടുവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അത്തരം എന്തെങ്കിലും സാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതാത് സെക്ഷൻ ഓഫീസിലോ 9496010101 എന്ന നമ്പരിലോ അറിയിക്കണം. പരാതികൾ ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറുകളായ 1912, 9496001912 എന്നിവയിലും അറിയിക്കാം.
വൈദ്യുതി കമ്പികളിലേക്ക് ചാഞ്ഞ് നിൽക്കുന്ന റബ്ബർ ഉൾപ്പടെയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിനായി നിശ്ചിത സമയങ്ങളിൽ അതാത് സെക്ഷൻ ഓഫീസുകളിൽ നിന്ന് ജീവനക്കാരും, ചുമതലപ്പെടുത്തിയിട്ടുള്ള കോൺട്രാക്ട് തൊഴിലാളികളും വരുമ്പോൾ, അതിന് തടസ്സം പറയാതെ സഹകരിക്കുന്നത്, ഇതുപോലെയുള്ള നാശനഷ്ടങ്ങൾക്കും വൈദ്യുതി മുടക്കങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുവാൻ സഹായകമാകും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments