തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ മീനമാസത്തിൽ നടന്നു വരുന്ന ഉത്സവത്തിൻ്റെ നാളുകൾ പുതുക്കി നിശ്ചയിക്കുന്നു. മീനത്തിലെ ഭരണി നാളിൽ ആറാട്ട് നടക്കുന്ന രീതിയിലായിരുന്നു ഉത്സവം നടന്നു വന്നിരുന്നത്. ക്ഷേത്രത്തിൽ പല തവണ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ പറഞ്ഞത് പ്രകാരം മീനമാസത്തിലെ അശ്വതി നാളിൻ്റെ പ്രാധാന്യം തിരിച്ച് കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഉത്സവദിനങ്ങൾ പുതുക്കി നിശ്ചിക്കാൻ തന്ത്രി കടിയക്കോൽ കൃഷ്ണനമ്പൂതിരി അനുമതി നൽകിയത്. ക്ഷേത്രത്തിൽ കൊടിയേറ്റ് ഉത്സവം തുടങ്ങിയിട്ട് ഏകദേശം ഇരുപത്തിരണ്ട് വർഷങ്ങളേ ആയിട്ടുള്ളൂ. അതിന് മുൻപ് വരെ അശ്വതി ആഘോഷത്തിനായിരുന്നു ക്ഷേത്രത്തിൽ പ്രധാന്യം.
അന്നേദിവസം ഭഗവതി ശ്രീമൂലസ്ഥാനമായ തച്ചിലേട്ട് പാതിരിമറ്റത്തിൽ എത്തി ദീപാരാധനയും നേദ്യങ്ങളും ഗുരുതിയും നടന്നിരുന്നു. ഏകദേശം എണ്ണൂറ് വർഷങ്ങൾക്ക് മുൻപ് മീനമാസത്തിലെ അശ്വതി നാളിൽ കൊടുങ്ങല്ലൂരമ്മയുടെ അംശാവതാരമായാണ് തുരുത്തിപ്പള്ളി ഭഗവതി മറ്റക്കര തച്ചിലേട്ട് കുടുംബം വക പാതിരിമറ്റം പുരയിടത്തിലെത്തിയത് എന്ന് കരുതപ്പെടുന്നു. തുടർന്ന് ഇന്നിരിക്കുന്ന ക്ഷേത്രഭൂമിയിൽ അമ്പലം പണിത് പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. അന്നു മുതൽ മീനത്തിലെ അശ്വതി നാളിൽ വർഷം തോറും പാതിരിമറ്റത്തിൽ എത്തണമെന്ന് കണ്ടതും പ്രകാരം അശ്വതി ആഘോഷമായി നടന്നു വന്നിരുന്നു. എന്നാൽ കൊടിയേറ്റ് ഉത്സവം ആരംഭിച്ചത്തോടെ അശ്വതിയുടെ പ്രാധാന്യം നഷ്ടപ്പെട്ടതായി ദേവപ്രശ്നത്തിൽ പല തവണ തെളിഞ്ഞു.
ആയതിനാൽ ദേവപ്രശ്ന പരിഹാരക്രിയകളുടെ കൂടെ ഉത്സവവും ക്രമീകരിക്കാൻ തന്ത്രിയുമായി സംസാരിച്ച് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ഇനി മുതൽ മീനമാസത്തിലെ അശ്വതി നാളിൽ അശ്വതിയുടെ പ്രാധാന്യം കണക്കിലെടുത്ത് അശ്വതി മഹോത്സവം നടക്കും. അന്നേ ദിവസം വൈകിട്ട് പാതിരിമറ്റം ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളത്തും തുടർന്ന് ദീപാരാധനയും വിശേഷാൽ പൂജകളും ഗുരുതിയും നടക്കും. തുടർന്ന് പിറ്റേ ദിവസം ഭരണിനാളിൽ ക്ഷേത്രത്തിൽ രാവിലെ കുംഭകുടം നടക്കും. അന്ന് വൈകിട്ട് കൊടിയേറ്റോടെ എട്ട് ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിക്കും. എട്ടാം ദിനം ശ്രീമൂലസ്ഥാത്ത് ആറാട്ടും നടക്കുമെന്ന രീതിയിലാണ് അശ്വതി മഹോത്സവവും തിരുവുത്സവം നടക്കുക. പ്രസ്തുത പരിഹാരക്രിയകളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ ആരംഭിച്ചതായി ഭരണ സമിതി അറിയിച്ചു.




0 Comments