സുനില്‍ പാലാ
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം കേന്ദ്ര ഗവണ്‍മെന്റിന്റെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷേഖാവത്തിന് കഴിഞ്ഞ ഒക്‌ടോബറില്‍ നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളോട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.
ആയിരത്താണ്ടുകള്‍ പഴക്കമുള്ള പുരാതനമായ കാവിന്‍പുറം ക്ഷേത്രം നേരത്തെ കേരള സര്‍ക്കാരിന്റെ ഹരിത തീര്‍ത്ഥാടന പദ്ധതിയില്‍ ഇടംപിടിച്ചിരുന്നു. മുന്‍ധനകാര്യമന്ത്രി കെ.എം. മാണിയാണ് ഹരിത തീര്‍ത്ഥാടന പദ്ധതിയില്‍ കാവിന്‍പുറം ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയത്. ഹരിത തീര്‍ത്ഥാട ടൂറിസം സര്‍ക്യൂട്ടില്‍പെടുത്തി കാവിന്‍പുറം ക്ഷേത്രാങ്കണത്തില്‍ ഒരു കോടിയോളം രൂപാ ചെലവഴിച്ച് വിശാലമായ ഓഡിറ്റോറിയം പണിതീര്‍ത്തിരുന്നു. ഹരിത തീര്‍ത്ഥാടന പദ്ധതിയില്‍പെടുത്തിയുള്ള ആദ്യ നിര്‍മ്മാണമായിരുന്നു ഇത്.
അത്യപൂര്‍വ്വ അനുഷ്ഠാനങ്ങള്‍ ഒട്ടേറെ
പുണ്യപ്രസിദ്ധമായ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രം അത്യപൂര്‍വ്വ അനുഷ്ഠാനങ്ങളാലും സമ്പന്നമാണ്. തിരുവാതിരകളി ഉമാമഹേശ്വരന്‍മാര്‍ക്ക് മുന്നില്‍ ഭക്തര്‍ നേരിട്ട് വഴിപാടായി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. പ്രസിദ്ധമായ ആലങ്ങാട്ട് സംഘം ഏരുമേലി പേട്ടകെട്ടിന് മുന്നോടിയായി കാവിന്‍പുറം ക്ഷേത്രത്തിലെത്തി ഉമാമഹേശ്വരന്‍മാര്‍ക്ക് കാണിക്കിഴി സമര്‍പ്പിക്കുന്നതും ഇവിടെ മാത്രമുള്ള അനുഷ്ഠാനമാണ്. ആലങ്ങാട്ട് സംഘം വരുമ്പോള്‍ ഭക്തര്‍ നേരിട്ട് അയ്യപ്പസ്വാമിക്ക് നീരാജനം ഉഴിയുന്നതും ഇവിടെ മാത്രം. വിഷുനാളില്‍ ഉമാമഹേശ്വരന്‍മാരുടെ കൈനീട്ടമായി നാണയം വിതരണം ചെയ്യുന്ന അനുഷ്ഠാനത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വിജയദശമി നാളില്‍ പാരമ്പര്യരീതിയിലുള്ള മണലിലെഴുത്തിന് പ്രായഭേദമന്യെ നൂറുകണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരാറുള്ളത്. നവരാത്രി നാളില്‍ നടക്കുന്ന തൂലികാപൂജയും സവിശേഷതയാണ്. എത്തിച്ചേരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൂജിച്ച പേനകള്‍ പ്രസാദമായി വിതരണം ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിഷുനാളിലും ഓണത്തിനുമുള്ള പായസ വിതരണം അമ്പലപ്പുഴ കണ്ണന്റെ പായസംപോലെ തന്നെ പ്രധാന വഴിപാടാണ്. താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള താലസദ്യയും താലനേദ്യമായുള്ള ഉണ്ണിയപ്പ വിതരണവും അനുഷ്ഠാനങ്ങളില്‍പെടുന്നു.
വൃശ്ചികമാസത്തിലെ ശനിയാഴ്ച ഉപദേവനായ അയ്യപ്പന് നെയ്യഭിഷേകവും നടക്കുന്നു. ശബരിമലയില്‍ പോയി നെയ്യഭിഷേകം നടത്താന്‍ ബുദ്ധിമുട്ടുള്ള നിരവധി ഭക്തര്‍ ഇവിടെ മണ്ഡലകാലത്തെ ശനിയാഴ്ചകളിലെത്തി നെയ്യഭിഷേകം നടത്താറുണ്ട്. ഗണപതി, രക്ഷസ്സ്, സര്‍പ്പദേവതകള്‍, സ്വരൂപത്തോടുകൂടിയ നവഗ്രഹക്ഷേത്രം എന്നിവയും ഇവിടെയുണ്ട്.
തുടര്‍പരിശ്രമം നടത്തി എത്രയുംവേഗം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തും
തുടര്‍പരിശ്രമം നടത്തി എത്രയുംവേഗം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തും
അത്യപൂര്‍വ്വ അനുഷ്ഠാനങ്ങളുള്ള കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തെ എത്രയുംവേഗം കേന്ദ്ര ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്
- കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.
വളരെ സന്തോഷം, എല്ലാം ഉമാമഹേശ്വരന്‍മാരുടെ അനുഗ്രഹം
വളരെ സന്തോഷം, എല്ലാം ഉമാമഹേശ്വരന്‍മാരുടെ അനുഗ്രഹം
കാവിന്‍പുറം ക്ഷേത്രത്തെ കേന്ദ്ര ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഭക്തജനങ്ങളെല്ലാം അതീവ സന്തുഷ്ടരാണ്. എല്ലാം ഉമാമഹേശ്വരന്‍മാരുടെയും ഉപദേവതകളുടെയും അനുഗ്രഹം
- റ്റി.എന്‍. സുകുമാരന്‍ നായര്‍, കാവിന്‍പുറം ദേവസ്വം പ്രസിഡന്റ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments