തൊമ്മന്‍കുത്തില്‍ ചെറുകിട ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ട് 3 പതിറ്റാണ്ട് കഴിഞ്ഞിട്ടും് യാതൊരു തുടര്‍ നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഏറെ പ്രതീക്ഷയോടെയാണ് തൊമ്മന്‍കുത്ത് പോലുള്ള ചെറുകിട പദ്ധതികളെ വൈദ്യുതി ബോര്‍ഡ് കണ്ടിരുന്നത്. 2 മെഗാ വാട്ട് വൈദ്യുതിയാണ് ഈ പദ്ധതി പൂര്‍ത്തിയായാല്‍ കിട്ടുമെന്ന് അന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞിരുന്നു.
തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിന് മുകളില്‍ തടയണ കെട്ടി വെള്ളം തടഞ്ഞുനിര്‍ത്താനും കുത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്താതെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 1991ല്‍ പദ്ധതിയുടെ കരടു തയാറാക്കി പഠനത്തിനുശേഷം അന്നത്തെ തൊടുപുഴ എംഎല്‍എ പി.ടി. തോമസ് പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.
വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളം തൊമ്മന്‍കുത്തിനു താഴെ തടയണ കെട്ടിനിര്‍ത്താനും അതില്‍ സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനു സൗകര്യം ഒരുക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും, തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭാഗമായി യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നാണ് വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും പരാതി.
അടിയന്തരമായി ഈ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിച്ച് ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ തൊമ്മന്‍കുത്ത്, കരിമണ്ണൂര്‍, വണ്ണപ്പുറം എന്നീ മേഖലകളിലെ വൈദ്യുതി വിതരണത്തിന് ഇതൊരു മുതല്‍ക്കൂട്ടായി മാറുമെന്നാണ് ആദ്യകാലത്ത് കെഎസ്ഇബി അധികൃതര്‍ പറഞ്ഞിരുന്നത്.
ഉടന്‍ ചെറുകിട വൈദ്യുത പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് ജനങ്ങളുടെയും സഞ്ചാരികളുടെയും ആവശ്യം. വനംവകുപ്പ് മന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് അടുത്ത നാളില്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
0 Comments