ഫെഡറൽ ബാങ്ക് ലുമിനാരിയായിൽ ചരിത്രത്തിൻ്റെ ചന്ദനഗന്ധം പകർന്ന് ഒരു വിദ്യാർത്ഥി
മൂന്നാർ മറയൂർ സ്വദേശിയും അഞ്ചുനാട് വെള്ളാളർ സമുദായാംഗവും സെൻ്റ് തോമസ് കോളേജിലെ മലയാളവിഭാഗം വിദ്യാർത്ഥിയുമായ സതീഷ് എൽ അപൂർവ്വങ്ങളായ രണ്ടു പുരാവസ്തുക്കളാണ് ലുമിനാരിയായ്ക്കു വേണ്ടി പാലായിലെത്തിച്ചത്. മധുര മീനാക്ഷിയുടെ കല്യാണരംഗങ്ങളും ക്ഷേത്രത്തിൻ്റെസൗന്ദര്യവും ഇരുവശത്തുമായി ആലേഖനം ചെയ്തിരിക്കുന്ന കൊത്തുശില്പമാണ് അതിലൊന്ന്.
നൂറ്റാണ്ടുകൾക്ക് മുൻപ് പാണ്ഡ്യരാജാവായിരുന്ന ഗുണശേഖരൻ്റെ പടയാളികളായിരുന്ന വെള്ളാളർ മധുരയിൽ നിന്ന് കേരളത്തിലെത്തി തിരുവിതാംകൂർ, പൂഞ്ഞാർ രാജവംശങ്ങളുടെ പിന്തുണയോടെ മറയൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താമസമാക്കുകയായിരുന്നു.
പൂഞ്ഞാർ രാജവംശത്തിന് വെള്ളാളവംശം കരമൊടുക്കിയതിൻ്റെയും പാണ്ഡ്യരാജാവ് ഗുണശേഖരൻ മറയൂർ മഹാദേവ ക്ഷേത്രം, കാറയൂർ ഗുണ്ഡേശ്വര ക്ഷേത്രം എന്നിവ ഉൾപ്പെടെയുള്ള അമ്പലങ്ങൾ പണിയാൻ അനുമതി കൊടുത്തതിൻ്റെയും പുരാതന രേഖകൾ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
വെള്ളാള സേന യുദ്ധത്തിന് ഉപയോഗിച്ചിരുന്ന പല നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുതല വാളാണ് മറ്റൊരു പുരാവസ്തു . മറയൂർ, കാറയൂർ, കീഴാന്തൂർ, കാന്തലൂർ, കൊട്ടകുടി എന്നീ 5 ഊരുകളെ ചേർത്താണ് അഞ്ചു നാട് എന്ന് വിശേഷിപ്പിക്കുന്നത്. മറയൂരിൽ 'സത്രം ' എന്ന് വിശേഷിപ്പിക്കുന്ന പ്രത്യേക കാര്യാലയത്തിലാണ് ഇത്തരം പല പുരാവസ്തുക്കളും സൂക്ഷിച്ചിരിക്കുന്നത്.
രണ്ടു ദേശങ്ങൾ തമ്മിലുണ്ടായിരുന്ന ചരിത്രപരവും ഭാഷാപരവും സാംസ്കാരികവുമായ ബന്ധത്തിൻ്റെ കാണാക്കാഴ്ചകൾ ഈ മേഖലയെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്ന സതീഷിൻ്റെ വാക്കുകളിൽ കാണാം.
0 Comments