അന്തേവാസികളുടെ ലക്ഷങ്ങള്‍ തട്ടിച്ച് മുങ്ങിയ വൃദ്ധസദനം നടത്തിപ്പുകാരനെതിരെ ജില്ല സാമൂഹിക നീതി വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് കൈമാറി. കലക്ടര്‍, സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.
മുതലക്കോടത്തെ ‘എല്‍ഡര്‍ ഗാര്‍ഡന്‍’ എന്ന വൃദ്ധസദനം സംബന്ധിച്ച് അന്വേഷിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അനധികൃതമായി വൃദ്ധസദനം നടത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ നടപടി അടക്കം കൈക്കൊള്ളണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വൃദ്ധസദനം നടത്തിപ്പുകാരന്‍ ജീവന്‍ തോമസ് അന്തേവാസികളുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് അയര്‍ലന്‍ഡിലേക്ക് മുങ്ങിയതോടെ അന്തേവാസികള്‍ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്നു. മാനസിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ അടക്കം ഏഴ് പേരാണ് ഇവിടെ കഴിയുന്നത്.
2.5 മുതല്‍ 13 ലക്ഷം രൂപ വരെ നല്‍കിയാണ് പലരും ഇവിടെ താമസിച്ചിരുന്നത്. ഈ പണവും അന്തേവാസികളില്‍നിന്ന് കടമായി വാങ്ങിയ സ്വര്‍ണവും പണവും അടക്കം നല്‍കാതെയാണ് ജീവന്‍ വിദേശത്തേക്ക് കടന്നത്. ജീവന്‍ തോമസിനെതിരെ തൊടുപുഴ പൊലീസും കേസെടുത്തിരുന്നു.
0 Comments