കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്കായി നിന്ന് കാലു കഴച്ചാല്‍ നിലത്തിരിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര്‍. ഇതാണ് അവസ്ഥ. പുതിയ സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തിട്ട് 3 വര്‍ഷം ആയിട്ടും യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കസേര പോലും ഒരുക്കാന്‍ കെഎസ്ആര്‍ടിസിക്ക് ആയിട്ടില്ല. ദിവസവും ആയിരക്കണക്കിനു യാത്രക്കാര്‍ എത്തുന്ന സ്റ്റാന്‍ഡില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന കസേരമാത്രമാണുള്ളത്.
സ്റ്റാന്‍ഡ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇവിടെയുള്ള ജീവനക്കാരുടെ ഉത്സാഹ ഫലമായി വിവിധ സംഘടനകള്‍ കുറച്ച് ഇരുമ്പ് കസേരകള്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും കാലൊടിഞ്ഞു നശിച്ചു. ഇനിയുള്ളത് വെറും നാല് സീറ്റുകള്‍ മാത്രം. രാപകലില്ലാതെ അനേകം ദീര്‍ഘദൂര ബസുകള്‍ എത്തുന്ന സ്റ്റാന്‍ഡില്‍ രാത്രിയിലും പകലും എത്തുന്ന യാത്രക്കാരായ വയോധികരും ഇപ്പോള്‍ ഇരിക്കാന്‍ സൗകര്യമില്ലാതെ കഷ്ടപ്പെടുകയാണ്.
സ്റ്റാന്‍ഡില്‍ ശരിയായ വെളിച്ച സംവിധാനവും ഒരുക്കിയിട്ടില്ല. ശുചിമുറികളെല്ലാം കുളമായി അടച്ചിട്ടിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്ത ശേഷം സ്ഥലം വിട്ട മന്ത്രിയും മറ്റ് ജനപ്രതിനിധികള്‍ ഇങ്ങനെ ഒരു സ്റ്റാന്‍ഡ് എങ്ങനയാണ് പ്രവര്‍ത്തക്കുന്നതെന്നു പോലും അന്വേഷിക്കുന്നില്ല.
നേരത്തെ ഡിപ്പോയില്‍ നിന്ന് ഉണ്ടായിരുന്ന ഒട്ടേറെ ഓര്‍ഡിനറി സര്‍വീസുകളും വേളാങ്കണ്ണി ഉള്‍പ്പെടെയുള്ള ചില ദീര്‍ഘദൂര ബസുകളും പുതിയ സ്റ്റാന്‍ഡ് ഉദ്ഘാടനത്തോടെ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യാതൊന്നും സംഭവിച്ചില്ല.
ഉദ്ഘാടന വേളയില്‍ സ്ഥലം എംഎല്‍എയുടെ നിര്‍ദേശ പ്രകാരം ചില സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അന്നത്തെ ഗതാഗത മന്ത്രി പറഞ്ഞത് ഇപ്പോഴും യാത്രക്കാരുടെയും നാട്ടുകാരുടെയും മനസ്സില്‍ മുഴങ്ങുന്നുണ്ട്.
നഗരത്തിലെ ബൈപാസുകള്‍ ഉള്‍പ്പെടുത്തി സിറ്റി സര്‍വീസ് ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം അധികൃതര്‍ മറന്നു. അടുത്ത കാലത്തൊന്നും തൊടുപുഴ ഡിപ്പോയിലേക്ക് ഒരു പഴയ ബസ് പോലും അനുവദിച്ചിട്ടില്ല.
0 Comments