ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ നേതാജി നഗറില്‍ നിര്‍മിക്കുന്ന 22 ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിന് മന്ത്രി വി.എന്‍ വാസവന്‍ കല്ലിട്ടു.
കിഫ്ബി വഴി 93.225 കോടി ചെലവിട്ടാണ് കുടിവെള്ള പദ്ധതി ഒരുങ്ങുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോട് കൂടി ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെയും അതിരമ്പുഴ, മാഞ്ഞൂര്‍, കാണക്കാരി എന്നീ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കുമെന്നു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ ഇ എസ് ബിജു, എം കെ സോമന്‍, ഡോ. എസ് ബീന,സിപിഐ എം ജില്ല കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ്, ഏരിയ കമ്മിറ്റിയംഗം രതീഷ് രത്‌നാകരന്‍ , എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ദിലീപ് ഗോപാല്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാം കെ ജോഷ്വാ , അസി. എന്‍ജിനീയര്‍ സൂര്യ ശശിധരന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പൂവത്തുംമൂട്ടിലെ നിലവിലുള്ള ഒമ്പതുമീറ്റര്‍ വ്യാസമുള്ള കിണറില്‍ നിന്ന് വിവിധ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. പൂവത്തുംമൂട്ടിലെ പമ്പ്ഹൗസില്‍ നിന്നും നേതാജി നഗറില്‍ നിര്‍മിക്കുന്ന 22 ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിലേക്ക് ആദ്യം വെള്ളം എത്തിക്കും . ഇതിനോടനുബന്ധിച്ച് 16 ലക്ഷം ലിറ്റര്‍ ഓവര്‍ഹെഡ് ടാങ്കും 20 ലക്ഷം ലിറ്റര്‍ ഭൂതല ജലസംഭരണിയും നിര്‍മിക്കും. തുടര്‍ന്ന് കുടിവെള്ളം കച്ചേരിക്കുന്നില്‍ നിര്‍മിക്കുന്ന 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയിലെത്തും.
അവിടെ നിന്ന് കട്ടച്ചിറയിലേക്കും വിതരണം തുടരും. കട്ടച്ചിറയിലെ നിലവിലുള്ള സംഭരണി പൊളിച്ച് അര ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണി നിര്‍മിക്കും. ശുദ്ധീകരണ കേന്ദ്രത്തില്‍ നിന്ന് ടാങ്കുകളിലേക്ക് 13 കി. മീ. ദൈര്‍ഘ്യമുള്ള ട്രാന്‍സ്മിഷന്‍ മെയിന്‍ പൈപ്പ് ലൈനുകളും ടാങ്കുകളില്‍ നിന്നും 43 കി.മീ ദൈര്‍ഘ്യമുള്ള വിതരണ ശൃംഖലയും പൂര്‍ത്തീകരിക്കും. പദ്ധതി ജനുവരിയില്‍പൂര്‍ത്തിയാകും.
0 Comments