പാലാ, ക്രൈസ്തവ സഭയിലെ ഏറ്റവും വലിയ മിഷനറി രൂപത: മാര്‍ ആൻഡ്രൂസ് താഴത്ത്
പാലാ രൂപത ക്രൈസ്തവ സഭയില്‍ ഏറ്റവും അധികം മിഷനറിമാരെ സംഭാവന ചെയ്തിട്ടുള്ള മിഷനറിമാരുടെ വിളനിലമാണെന്ന് സി ബി സി ഐ പ്രസിഡന്റ് മാര്‍ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രവിത്താനം സെന്റ് ആഗസ്റ്റിന്‍സ് ഫോറോനാ പള്ളിയില്‍ വച്ച് നടത്തിയ മിഷനറി മഹാസംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ ഹമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതും രണ്ടായിരം വര്‍ഷമായി ഭാരത സംസ്‌കാരത്തോട് ഏറെ ഇഴുകിച്ചെര്‍ന്നതുമായ ക്രിസ്തുമതത്തെ ഒരു വിദേശ മതം ആയി കണക്കാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്റെ ഹൃദയത്തിന് ഇണങ്ങിയ പുരോഹിതരെ നിങ്ങള്‍ക്ക് നല്‍കും എന്ന ദൈവ വചനം പൂര്‍ത്തീകരിച്ചുകൊണ്ട് സമൂഹത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ ആതുര ശുഷ്രൂഷ, ആത്മീയ മേഖലകളില്‍ മഹത്തായ സേവനം ചെയ്യുന്ന നമ്മുടെ മിഷണറിമാര്‍ നമ്മുടെ രൂപതക്കും ആഗോള സഭക്കും ദൈവം നല്‍കിയിയ വലിയ അനുഗ്രഹമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കേന്ദ്ര സഹമന്ത്രിയും പാലാ രൂപതക്കാരനുമായ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
39 പിതാക്കന്‍മാരെയും പതിനായിരത്തിലേറെ മിഷനറിമാരെയും സഭക്ക് സംഭാവന ചെയ്തിട്ടുള്ള പാലാ നമ്മുടെ മിഷന്‍ ഹോമാണെന്നും പാലായ്ക്ക് മഹത്തായ ഒരു പാരമ്പര്യം ഉണ്ടെന്നും അത് അദ്ധ്വാനത്തിന്റെയും, കൃഷിയുടെയും, സാഹോദര്യത്തിന്റെയും ഒപ്പം തന്നെ രാക്കുളിയുടെയും സുറിയാനിയുടെയും മൂന്ന് നോമ്പിന്റെയും കുറവിലങ്ങാട് മുത്തിയമ്മയുടെയും അല്‍ഫോന്‍സാമ്മയുടെയും ആത്മീയ അടിത്തറയില്‍ ഉള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, മാര്‍ തോമസ് മേനാംപറമ്പില്‍, മാര്‍ ജോസഫ് ചരണകുന്നേല്‍, മാര്‍ പീറ്റര്‍ കൊച്ചുപറമ്പില്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ കുര്യന്‍ വലിയകണ്ടത്തില്‍, വിന്‍സെന്റ് മാര്‍ പൗലോസ്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്ന്, മാര്‍ മാത്യു നെല്ലിക്കുന്നേല്‍, വര്‍ഗീസ് ജോര്‍ജ് മാളിയേക്കല്‍, ജോസ് കെ മാണി എംപി, ഫ്രാന്‍സിസ് ജോര്‍ജ് എം പി, ആന്റോ ആന്റണി എംപി, ഡീന്‍ കുര്യാക്കോസ് എംപി, മാണി സി കാപ്പന്‍ എം എല്‍ എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
4000 പേര്‍ പങ്കെടുത്ത സംഗമത്തില്‍ റവ. ഡോ ടോം ഓലിക്കരോട്ട് ഫാ. ജോസഫ് ചെരിയമ്പനാട്ട്, സിസ്റ്റര്‍ സലോമി മൂക്കന്‍തോട്ടം എന്നിവര്‍ മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
സംഗമത്തില്‍ കോ-കോര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ സ്വാഗതവും പ്രവിത്താനം ഫോറോനാ പള്ളി വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ നന്ദിയും പറഞ്ഞു.
0 Comments