റൈസിങ് പൂഞ്ഞാർ' നിക്ഷേപസംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സംരംഭ പ്രോത്സാഹനനടപടികളുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന നിക്ഷേപ സംഗമം റൈസിങ് പൂഞ്ഞാർ ജൂൺ ഒൻപതിന് വ്യവസായ നിയമവകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ, ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും. ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുന്നത്. സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, പാർലമെന്റംഗങ്ങളായ ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവർ രക്ഷാധികാരികളായി സംഘാടകസമിതി രൂപീകരിച്ചു. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. സംഘാടകസമിതി ചെയർമാനും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വൈസ് ചെയർമാനുമാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇ.കെ. രാജേഷ് ആണ് സമിതി കൺവീനർ.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കൂടുതൽ വാണിജ്യ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക വഴി തൊഴിലും, ഉൽപാദനവും, വരുമാനവും വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് നിക്ഷേപസംഗമം നടത്തുന്നത്. മണ്ഡലത്തിൽ വിനോദസഞ്ചാരം, കാർഷിക ഉൽപന്ന അധിഷ്ഠിതമായ മൂല്യവർധിത ഉൾപന്നങ്ങൾ, തടി വ്യവസായം, റബർ അധിഷ്ഠിത വ്യവസായങ്ങൾ, സുഗന്ധവ്യഞ്ജനാധിഷ്ഠിത സംരംഭങ്ങൾ തുടങ്ങിയവയ്ക്ക് വലിയ സാധ്യതകളാണ് ഉള്ളത്. എരുമേലിയിൽ ശബരി ഗ്രീൻ ഫീൽഡ് രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നത് കൂടി കണക്കാക്കുമ്പോൾ വ്യവസായ വളർച്ചയ്ക്ക് ശോഭനമായ സാധ്യതകളാണുള്ളത്. കൂടാതെ ഐ.ടി. അധിഷ്ഠിത വ്യവസായങ്ങൾക്കും സാധ്യതകളേറെയാണ്. ഇവ മുന്നിൽകണ്ട് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതികൾ ലഭ്യമാക്കുന്നതിനും സാങ്കേതിക പിന്തുണ ഉറപ്പ് വരുത്തുന്നതിനും മൂലധന സമാഹാരണത്തിന് സഹായിക്കുന്നതിനും സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പ് വരുത്തുന്നതിനും നിക്ഷേപസംഗമം ലക്ഷ്യമിടുന്നു. നാനൂറോളം നിക്ഷേപകർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യവസായമന്ത്രി പി. രാജീവ് നിക്ഷേപകരുമായി ചടങ്ങിൽ സംവദിക്കും.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് അംബിക, സന്തോഷ് ജോർജ് കുളങ്ങര, ടി.കെ ജോസ് എന്നിവർ ക്ലാസുകൾ നയിക്കും.
ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടകസമിതി യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ എൻജിനീയറിങ് കോളജ് തയാറാക്കിയ റൈസിങ് പൂഞ്ഞാർ നിക്ഷേപസംഗമ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
റൈസിങ് പൂഞ്ഞാർ ലോഗോ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ചേർന്നു നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഇ.കെ രാകേഷ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിൾ, മറിയാമ്മ സണ്ണി, സ്്കറിയ പൊട്ടനാനിയിൽ, കെ.കെ. ശശികുമാർ, ജോർജ് മാത്യൂ അത്യാലിൽ, രേഖാ ദാസ്, നഗരസഭാംഗം നാസർ വെള്ളുപറമ്പിൽ, അനസ് പാറയിൽ, ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്തംഗം മിനി സാവിയോ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ എം. പ്രദീപ്, മീനച്ചിൽ എ.ഡി.ഐ.ഒ. സിനോ ജേക്കബ് മാത്യൂ, കാഞ്ഞിരപ്പളളി ബി.ഡി.ഒ. ഫൈസൽ, സംഘടനാപ്രതിനിധികളായ എ.എൻ.എ. ഖാദർ, ദിലീപ്കുമാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, നിക്ഷേപകർ, വാണിജ്യവ്യവസായ രംഗത്തുളളവർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
0 Comments