അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി പുരസ്‌കാരം പാലാ കെ.ആര്‍. മണിക്ക്



സുനില്‍ പാലാ
 
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ 2024-2025-ലെ മുതിര്‍ന്ന തുള്ളല്‍ കലാകാരന്‍മാര്‍ക്ക് നല്കുന്ന പുരസ്‌കാരത്തിന് പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ പാലാ കെ.ആര്‍. മണി അര്‍ഹനായി.

കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി ഓട്ടന്‍തുള്ളല്‍ വേദിയില്‍ നിറഞ്ഞുനില്‍ക്കുന്ന കെ.ആര്‍. നാരായണന്‍ എന്ന പാലാ കെ.ആര്‍. മണി പ്രശസ്ത തുള്ളല്‍ കലാകാരനായിരുന്ന കെ.ആര്‍. രാമന്‍കുട്ടിയുടെ മകനാണ്. തുള്ളല്‍ കലയിലെ മുതിര്‍ന്ന ആചാര്യന്‍മാരായിരുന്ന ആയാംകുടി സി.ആര്‍. തങ്കപ്പന്‍ നായര്‍, കലാമണ്ഡലം ഗോപിനാഥപ്രഭ, കലാമണ്ഡലം ദിവാകരന്‍ നായര്‍, കലാമണ്ഡലം പ്രഭാകരന്‍ എന്നിവരുടെ കീഴില്‍ വര്‍ഷങ്ങളോളം ഗുരുകുല സമ്പ്രദായത്തില്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിച്ച കെ.ആര്‍. മണി കേരള കലാമണ്ഡലത്തില്‍ തുള്ളലില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി ഇരുപതിനായിരത്തോളം വേദികളിലും ആകാശവാണി, ദുരദര്‍ശന്‍ എന്നിവിടങ്ങളിലും സ്ഥിരമായി ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചുവരുന്നു. നിരവധി സിനിമ, സീരിയല്‍, ടെലിഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. 
 


ശ്രീനാരായണ ഗുരുദേവ ചരിതം, കടപ്പാട്ടൂര്‍ ശ്രീമഹാദേവ ചരിതം എന്നീ തുള്ളല്‍കഥകള്‍ സ്വന്തമായി രചിക്കുകയും ചിട്ടപ്പെടുത്തി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തുവരുന്നു. ഗുരുശ്രേഷ്ഠ പുരസ്‌കാരം, ഗുരുദക്ഷിണ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കഥകള്‍ക്ക് പുറമേ പാരമ്പര്യ പുരാണ കഥകളും ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ വിഭാഗങ്ങളിലെ കഥകളും തുള്ളലായി അവതരിപ്പിച്ചു വരുന്ന മണി പാലാ പോണാട് ആണ് താമസിക്കുന്നത്.

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക തുള്ളല്‍ പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്നും പാലാ കെ.ആര്‍. മണി ഏറ്റുവാങ്ങി. മന്ത്രി പി. പ്രസാദ്, സാഹിത്യകാരന്‍ എം. മുകുന്ദന്‍, എച്ച്. സലാം എം.എല്‍.എ., കെ.സി. വേണുഗോപാല്‍ എം.പി. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 
 


കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക തുള്ളല്‍ പുരസ്‌കാരം നേടിയ പാലാ കെ.ആര്‍. മണിയെ എം.പി.മാരായ ജോസ് കെ. മാണി, ഫ്രാന്‍സീസ് ജോര്‍ജ്ജ്, മാണി സി. കാപ്പന്‍ എം.എല്‍.എ., പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി തുടങ്ങിയവര്‍ അഭിനന്ദിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments