പാലായിലെ വൈദ്യുതി ഭവൻ (കെഎസ്ഇബി) ഓഫീസിലേക്ക് വ്യാപാരികൾ പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി
പാലാ ടൗണിലെ തുടർച്ചയായ വൈദ്യുതി തടസ്സങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കെവിവിഇഎസ് പാലാ നേതൃത്വത്തിൽ വൈദ്യുതി ഭവനിന്റെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
പാലായിലെ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരമായി കൊണ്ടുവന്ന കേബിൾ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. കോടികൾ മുടക്കി സ്ഥാപിച്ച ഈ സംവിധാനം ഇപ്പോൾ പാലാ പട്ടണത്തിൽ പൊട്ടിത്തെറിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. ഇതിനാൽ, പാലായിൽ വൈദ്യുതിയുള്ള സമയം വളരെ വിരളമായിരിക്കുന്നു.
സ്ഥിരമായ വൈദ്യുതി തടസ്സങ്ങൾക്ക് പരിഹാരം കാണാൻ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. ഇവരുടെ കഴിവില്ലായ്മ മൂലം ദുരിതത്തിലാകുന്നത് പാലായിലെ വ്യാപാരികളും സാധാരണ ജനങ്ങളുമാണ്. ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ഭക്ഷ്യവസ്തുക്കൾ കേടായി പോകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. കൂടാതെ, ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനായി വ്യാപാരികൾ ദിവസേന ലക്ഷക്കണക്കിന് രൂപയുടെ ഡീസലും പെട്രോളുമാണ് ചെലവഴിക്കുന്നത്.
അമിതമായ വൈദ്യുതി ചാർജ് ഈടാക്കിയിട്ടും, തടസ്സമില്ലാതെ വൈദ്യുതി നൽകാൻ സാധിക്കാത്ത കെഎസ്ഇബിയെ പിരിച്ചുവിടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കാത്ത ഉദ്യോഗസ്ഥരെ മാറ്റി, കഴിവുള്ളവരെ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സമരപരിപാടികളുടെ ആദ്യ ഘട്ടമായാണ് ഇന്ന് വൈദ്യുതി ഭവനിന്റെ മുൻപിൽ നേതൃത്വത്തിൽ വ്യാപാരികൾ ധർണ്ണ നടത്തിയത്. പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത ഘട്ട സമരപരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് കെവിവിഇഎസ് പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ് അറിയിച്ചു.
ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ എക്സ് എംപി ഉദ്ഘാടനം ചെയ്തു, ആന്റണി കുറ്റിയാല്, അനൂപ് ജോർജ്, ജോൺ ദർശന, എബിസൺ ജോസ്, എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി തകരാറിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് വ്യാപാരികൾ നിവേദനം സമർപ്പിച്ചു.
0 Comments