കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ഇന്നു രാവിലെയാണ് പൊലീസ് ആസ്ഥാനത്തെത്തി റവാഡ ചന്ദ്രശേഖർ അധികാരമേറ്റത്. പൊലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ ഏറ്റുവാങ്ങി. ഭാര്യാസമേതനായാണ് റവാഡ ചന്ദ്രശേഖർ അധികാരമേറ്റെടുക്കാനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.
ഇന്നു പുലർച്ചെയാണ് റവാഡ ചന്ദ്രശേഖർ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. പൊലീസ് ആസ്ഥാനത്തെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തരയുടെ വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പോകും. പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്. തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.
നേരത്തെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്നും മൂന്നു പേർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക യുപിഎസ്സി സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. ഈ പട്ടികയിൽ നിന്നാണ് മുഖ്യമന്ത്രി റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. അതേസമയം, റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിന് പിന്നാലെ സിപിഎമ്മിൽ തർക്കം രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ട്.
കൂത്തുപറമ്പ് വെടിവെപ്പ് നടന്നപ്പോൾ പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖരെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ പ്രതികരണം തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ രംഗത്തെത്തി.
കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരൻ റവാഡ ചന്ദ്രശേഖർ അല്ലെന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം. കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടുന്നു.
0 Comments